Local newsPONNANI
പൊന്നാനി കോളിൽ ജലനിരപ്പ് കൂടി
പൊന്നാനി: തുടർച്ചയായി പെയ്ത മഴയിൽ പൊന്നാനി കോളിൽ ജലനിരപ്പ് കൂടിയതോടെ ബിയ്യം റഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തി. 3 ദിവസമായി തുടരുന്ന ശക്തമായ
മഴയിൽ കോൾ മേഖലയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് റഗുലേറ്ററിന്റെ
ഷട്ടറുകൾ ഉയർത്തി കാഞ്ഞിരമുക്ക് പുഴയിലേക്ക് കോളിലെ അമിത ജലം
ഒഴുക്കി വിടുന്നത്.
തുടർച്ചയായുള്ള മഴയിൽ കൂടുതൽ ജലം ഒഴുകി എത്തിയതോടെ കോൾ
മേഖലയോടു ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാകുമെന്ന
ആശങ്കയെ തുടർന്നാണ് നടപടി. റഗുലേറ്ററിന്റെ 10 ഷട്ടറുകളിൽ 8 ഷട്ടറുകൾ
മാത്രമാണ് ഉയർത്താനായത്.
രണ്ട് ഷട്ടറുകൾ തകരാറിലായതോടെ ഉയർത്താൻ കഴിഞ്ഞിട്ടില്ല. എല്ലാ
ഷട്ടറുകളും ഒരുമിച്ച് തുറന്നാൽ മാത്രമേ കോളിലെ ജലനിരപ്പ് താഴ്ത്താൻ
കഴിയൂ. തകരാറിലായ ഷട്ടർ ഉയർത്താൻ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.