തിരൂർ നായർ തോട് പാലം യാഥാർഥ്യമാകുന്നു


വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലപ്പുറം തിരൂർ പുറത്തൂരിലെ നായർ തോട് പാലം യാഥാർഥ്യമാകുന്നു. പാലത്തിന്റെ നിർമാണത്തിനായി സർക്കാർ കരാർ ഒപ്പിട്ടു. പുറത്തൂർ പഞ്ചായത്തിലെ പടിഞ്ഞാറേക്കരയേയും കാവിലക്കാടിനേയും ബന്ധിപ്പിക്കുന്നതാണ് പാലം. പാലത്തിൻ്റെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച അടുത്തമാസം 16 ന് ചേരും.
പുറത്തൂർ പഞ്ചായത്തിലെ പടിഞ്ഞാറേക്കരയെയും കാവിലക്കാടിനെയും ബന്ധിപ്പിക്കുന്ന പാലമാണ് നായർ തോട് പാലം. 432 മീറ്റർ നീളത്തിലാണ് പാലം നിർമിക്കേണ്ടത്. ഇതിനായി കഴിഞ്ഞ വർഷം ഇൻലാൻഡ് നാവിഗേഷന്റെ അനുമതി നൽകിയിട്ടുണ്ട്. 47 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് പാലത്തിനായി തുക അനുവദിച്ചിട്ടുള്ളത്. നിലവിൽ ടെൻഡർ എടുത്ത കമ്പനിയുമായി സർക്കാർ കരാർ ഒപ്പിട്ടു.
ആദ്യഘട്ടത്തിൽ പാലത്തിനായി 8 മീറ്റർ വീതിയിലും റോഡിനായി 9 മീറ്റർ വീതിയിലും സ്ഥലം ഏറ്റെടുക്കുമെന്നാണ് ഉടമകളെ അറിയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം എംഎൽഎ വിളിച്ച യോഗത്തിൽ ഇത് യഥാക്രമം 11, 12 മീറ്ററുകൾ ആയിരിക്കുമെന്ന് അറിയിച്ചതോടെ സ്ഥലമുടമകൾ പിൻമാറി. തുടർന്നാണ് ഉടമകളെ വിശദമായി കാര്യങ്ങൾ ധരിപ്പിക്കാൻ അടുത്ത മാസം 16ന് വീണ്ടും യോഗം വിളിച്ചത്.
മംഗലം പഞ്ചായത്തിലെ തീരപ്രദേശത്തുള്ളവർക്ക് മംഗലം അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഓഫിസുകളിലെത്താൻ നിലവിൽ ചുറ്റിവളയേണ്ട സ്ഥിതിയാണ്. ഇത് പ്രയാസമായതോടെയാണ് തിരൂർ പുഴയിൽ നായർ തോട് ഭാഗത്ത് ഒരു പാലം വേണമെന്ന ആവശ്യം ശക്തമായത്.
