ദേശീയപാത വികസനം : നികത്തിയ കൈത്തോടുകൾക്ക് ബദൽ സംവിധാനമൊരുക്കണം
പൊന്നാനി : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി റോഡുവീതി കൂട്ടിയപ്പോൾ കൈത്തോടുകളെല്ലാം നികന്നു. പ്രധാനതോടുകളിലേക്ക് വെള്ളം ഒഴുകിയെത്തിരുന്ന കൈവഴികളെല്ലാം അടഞ്ഞ് ഇല്ലാതായതോടെ ആശങ്കയിലാണ് പ്രദേശവാസികളും അധികൃതരും.
കുറ്റിപ്പുറത്തിനും പൊന്നാനിക്കുമിടയിൽ ഭൂരിഭാഗം സ്ഥലത്തും ഇരുവശവും വയലാണ്. ഈഭാഗത്ത് റോഡരികിൽ പലയിടത്തും കൈത്തോടുകൾ ഉണ്ട്. കൈത്തോടുകളുടെ അഭാവം വെള്ളക്കെട്ടിന് ആക്കംകൂട്ടുമെന്നാണ് നാട്ടുകാർ പറയുന്നത്.നിലവിലുള്ള പാതയ്ക്കടിയിലൂടെയുള്ള ഓവുചാലുകളിലൂടെ വെള്ളം പ്രധാന തോട്ടിലേക്ക് ഒഴുകിയിരുന്നു.ഓവുചാലുകളിലേക്ക് വെള്ളമെത്തിയിരുന്ന കൈത്തോടുകളാണ് പുതിയ പാത നിർമിച്ചപ്പോൾ മണ്ണിട്ട് മൂടപ്പെട്ടത്. തവനൂർ പഞ്ചായത്തിൽ മാത്രം ആറിടത്ത് ഇത്തരത്തിൽ കൈത്തോടുകൾ നികത്തപ്പെട്ടിട്ടുണ്ട്.
തവനൂർ പഞ്ചായത്തിലെ കൈത്തോടുകൾ ഇല്ലാതായ സ്ഥലങ്ങൾ പഞ്ചായത്ത്, ദേശീയപാത അധികൃതർ സന്ദർശിച്ചു.ബദൽ സംവിധാനം ഒരുക്കിയില്ലെങ്കിൽ മഴക്കാലത്ത് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടുണ്ടാകുമെന്നാണ് നാട്ടുകാരും പഞ്ചായത്ത് അധികൃതരും പറയുന്നത്.
ലൈസൺ ഓഫീസർ പി.പി.എം. അഷ്‌റഫിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച ദേശീയപാത അധികൃതർ പ്രശ്നപരിഹാരത്തിനുള്ള വിശദമായ പദ്ധതി സമർപ്പിക്കാൻ പഞ്ചായത്ത് അധികൃതരോടാവശ്യപ്പെട്ടിട്ടുണ്ട്.പദ്ധതി റിപ്പോർട്ട് ലഭിച്ചാൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങൾ മഴക്കാലത്തിനുമുൻപ് ഒരുക്കി നൽകാമെന്ന് ദേശീയപാത അധികൃതർ അറിയിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ്, സെക്രട്ടറി അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശത്ത് സന്ദർശനം നടത്തിയത്.