നടൻ റിസബാവ അന്തരിച്ചു.
കൊച്ചി:ജോൺ ഹോനായി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രിയപ്പെട്ട നടൻ
റിസബാവ അന്തരിച്ചു. 54 വയസായിരുന്നു.വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി. പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.
1966 സെപ്റ്റംബർ 24 ന് കൊച്ചിയിൽ ജനിച്ചു. തോപ്പുംപടി സെന്‍റ്. സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെയാണ് സിനിമാരംഗത്ത് പ്രവേശിച്ചത്. 1984ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990ൽ റിലീസായ ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990-ൽ തന്നെ റിലീസായ സിദ്ധിക്ക്- ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ജോൺ ഹോനായി എന്ന വില്ലൻ വേഷം ചെയ്തതോടെയാണ്. ആ സിനിമയിൽ റിസബാവ അവതരിപ്പിച്ച വില്ലൻ വേഷം പ്രേക്ഷക പ്രശംസ ഏറെനേടി.
പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും റിസബാവ സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അഭിനയിച്ചു. അഭിനയം കൂടാതെ സിനിമകളിൽ ഡബ്ബിംഗും ചെയ്തു. മലയാളത്തിൽ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു. 2011ൽ കര്‍മ്മയോഗി എന്ന ചിത്രത്തിലെ ഡബ്ബിംഗിന് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡും റിസബാവക്ക് ലഭിച്ചു.