ദിജി നിർമിച്ച നെറ്റിപ്പട്ടത്തിന് പൊരുതിനേടിയ വർണങ്ങൾ.
എടപ്പാൾ: ദിജി നിർമിച്ച 3 അടി വലുപ്പമുള്ള നെറ്റിപ്പട്ടം മുച്ചക്ര വാഹനത്തിലിരുന്ന് സ്പീക്കർ എം.ബി.രാജേഷിന് സമ്മാനിച്ചു. ‘എനിക്ക് കിട്ടിയ ഈ സമ്മാനം അപൂർവവും അമൂല്യവുമാണ്. ദിജിയെ ഭിന്നശേഷിക്കാരിയെന്നല്ല, സവിശേഷ സിദ്ധിയുള്ളവൾ എന്നാണ് വിളിക്കേണ്ടത്’ സമ്മാനം സ്വീകരിച്ചു സ്പീക്കർ പറഞ്ഞ വാക്കുകളിൽ ദിജിയുടെ മനസ്സുനിറഞ്ഞു.
ചാലിശേരി സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയുടെ കുടുംബ സംഗമവും ഡേ കെയറും ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു സ്പീക്കർ. സൊസൈറ്റി അംഗമാണ് ഭിന്നശേഷിക്കാരിയായ ദിജി. ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ സ്പീക്കർ എത്തുന്ന വിവരം അറിഞ്ഞ ദിജി 3 ദിവസം കൊണ്ടാണ് നെറ്റിപ്പട്ടം നിർമിച്ചത്. തൊഴുക്കാട് നെടുംപുറത്ത് പരേതനായ ബാലന്റെയും ആനക്കര ചാത്തയിൽ പ്രേമയുടെയും മൂന്നുമക്കളിൽ മൂത്തവളാണ് ദിജി. ജനിച്ച് ആറു മാസമായപ്പോൾ പോളിയോ ബാധിച്ചു.
പരിമിതികളുമായി മുന്നോട്ടു പോകുന്നതിനിടെ എംബ്രോയ്ഡറി പരിശീലനത്തിൽ വൈദഗ്ധ്യം തേടി. വിത്തുപേന നിർമാണം, ഫ്ലവർവേസ്, പഴ്സ്, ടേബിൾ മാറ്റ്, കുട എന്നിവയുടെ നിർമാണം, ഗ്ലാസ് പെയിന്റിങ് തുടങ്ങിയവയിലും ഏർപ്പെട്ടു. ഇതോടെ ആത്മവിശ്വാസം വർധിച്ചു. ചാലിശേരി സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി, കുണ്ടുള്ളി കുട്ടിനാരായണൻ സൗജന്യ ഫിസിയോ തെറപ്പി സെന്റർ എന്നിവയുടെ ഭാരവാഹിയും ഭിന്നശേഷി ഡേ കെയറിന്റെ മുഖ്യ സംഘാടകയുമാണ്.