Local newsMALAPPURAM

തോട്ടിന്റെ ഒരു ഭാഗത്ത് മണ്ണ് നിറച്ച് അരികുഭിത്തി കെട്ടിയത് വെള്ളപ്പൊക്കത്തിന് ഇടയാക്കും; ആശങ്ക

തേഞ്ഞിപ്പലം : പടിക്കൽ കുമ്മന്തൊടി പാലത്തിനരികെ തോട്ടിന്റെ ഒരു ഭാഗത്ത് മണ്ണ് നിറച്ച് അരികു ഭിത്തി കെട്ടിയത് മഴ കനക്കുമ്പോൾ അതിവേഗ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്ന് കർഷകർക്ക് ആശങ്ക. പെരുവള്ളൂർ കരയിൽ പാലത്തിന്റെ തൂണിനോട് ചേർത്ത് തോട് കെട്ടിപ്പൊക്കിയതാണ് പ്രശ്നം. അതോടെ തോടിന് വീതി കുറഞ്ഞു. പാലം നിർമാണ ഘട്ടത്തിൽ തോടിന് അടിയിൽ അടിഞ്ഞ് കൂടിയതും മീതെനിന്ന് വീണതും അടക്കമുള്ള സാമഗ്രികൾ നീക്കാത്തതും പ്രശ്നമാണ്. വീതി കുറഞ്ഞ തോട്ടിൽ നീരൊഴുക്കിന് ശക്തി കുറഞ്ഞത് വെള്ളപ്പൊക്കക്കാലത്ത് വയലിലേക്ക് പെട്ടെന്ന് ജല പ്രവാഹത്തിനും അത് വഴി കൃഷിനാശത്തിനും ഇടയാക്കുമെന്നാണ് കർഷകരിൽ ചിലരുടെ പരാതി. 10 കിലോമീറ്ററിലേറെ നീളമുള്ള തോടാണ്. കൊണ്ടോട്ടി നഗരസഭ വഴി വെള്ളം ഒഴുകി പാറക്കടവിൽ കടലുണ്ടിപ്പുഴയിൽ ചേരും വിധമുള്ള ജലാശയം.

മഴക്കാലത്ത് കുത്തൊഴുക്കോടെ ജലപ്രവാഹം പതിവാണ്. ജല പ്രവാഹം തടസപ്പെടാത്ത വിധം തോട് ആഴവും വീതിയും കൂട്ടാനുള്ള കേന്ദ്ര സർക്കാർ പദ്ധതി വിവിധ ഘട്ടങ്ങളിലായി നടപ്പാക്കാൻ നീക്കമുണ്ട്. അത് വരേയ്ക്ക് ജല പ്രവാഹം തടസപ്പെടുത്താത്ത വിധം തോട് ക്രമപ്പെടുത്തണമെന്ന ആവശ്യം നിലനിൽക്കെയാണ് കുമ്മന്തൊടി കടവിൽ ഏതാനും മീറ്റർ സ്ഥലത്തെ ഇപ്പോഴത്തെ പ്രശ്നം.

പാലം നിർമാണ ഘട്ടത്തിൽ വെള്ളപ്പൊക്കം കാരണം ഏറെ കൃഷി നശിച്ചിരുന്നു. തോട്ടിൽ നീരൊഴുക്കിന് തടസം സൃഷ്ടിക്കരുതെന്ന് അക്കാലത്ത് ആവശ്യവും ശക്തമായിരുന്നു. പാലം പണി കഴിയുന്നതോടെ തോട്ടിലെ തടസം ഒഴിവാകുമെന്ന് പ്രതീക്ഷിച്ചത് ഫലപ്രദമായില്ല എന്നതിലാണ് പലർക്കും പ്രതിഷേധം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button