കോഴി ഫാമുകളിൽ കയറി വ്യാജ ഏജൻസികൾ; തട്ടിപ്പിന് ഇരയായത് 100ൽ അധികം ഫാം ഉടമകൾ; ഓരോരുത്തർക്കും നഷ്ടമായത് 10,000 മുതൽ 20,000 കിലോ വരെ കോഴികൾ; മലപ്പുറം ജില്ലയിൽ നിന്ന് തട്ടിയെടുത്തത് 10 കോടിയിലധികം രൂപ..!
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന കോഴി മേഖലയിലെ സാമ്പത്തിക തട്ടിപ്പുകളിൽ നൂറിൽപ്പരം കർഷകർ ഇരകളായി. കോഴിഫാമുകളിൽ ചില ഏജൻസികളെത്തി 10,000 കിലോ മുതൽ 20,000 കിലോ വരെ കോഴികളെ വാങ്ങി പണം അടുത്തയാഴ്ച തരാമെന്ന് പറഞ്ഞു കബളിപ്പിച്ചു. സാധാരണ വിതരണ ഏജൻസികൾക്ക് കോഴിഫാമിൽനിന്ന് കൊടുത്താൽ ഒരാഴ്ചയ്ക്കുള്ളിലാണ് പണം അടയ്ക്കുക. ഇത് ചൂഷണം ചെയ്താണ് തട്ടിപ്പ് വ്യാപകമായത്.
പരാതിയുമായി കൂടുതൽ കർഷകർ രംഗത്തുവന്നതോടെയാണ് പത്തുകോടിയോളം രൂപയുടെ തട്ടിപ്പിന്റെ കഥയുടെ ചുരുളഴിഞ്ഞത്. കോഴി വിലയായി രണ്ട് ലക്ഷം മുതല്‍ മുപ്പത്തിയേഴ് ലക്ഷം രൂപ വരെ കിട്ടാനുള്ളവരുണ്ട്. ഇതിന് മുമ്പ് വരെ പണം കൃത്യമായി അടച്ച് വിശ്വാസം നേടിയ ശേഷമാണ് തട്ടിപ്പ് അരങ്ങേറിയത്. നിലവിലെ സാഹചര്യത്തിൽ ഫാം വളരെ നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത് എന്നാണ് ഉടമകൾ പറയുന്നത്. ഇതിനിടയിലാണ് തട്ടിപ്പും നടന്നത്. ഈ പശ്ചാത്തലത്തിൽ ബ്രോയിലർ കോഴി കർഷകമേഖലയിലെ രണ്ടു കർഷക സംഘടനകളായ എം.പി.എഫ്.എ, കെ.പി.എഫ്.എ. എന്നിവയുടെ നേതൃത്വത്തിൽ തട്ടിപ്പിനിരയായ കർഷകരുടെ അടിയന്തരയോഗം ചേർന്ന് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകുവാനും തുടർനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.