ഓളമടങ്ങാതെ സങ്കടപ്പുഴ
ഞായറാഴ്ച സന്ധ്യവരെ ഇങ്ങനെയായിരുന്നില്ല തൂവൽത്തീരം. സഞ്ചാരികളുടെ തിരക്കായിരുന്നു. കൂട്ടത്തോടെ കുടുംബങ്ങൾ. അവരിൽ കുഞ്ഞുകുട്ടികളുണ്ടായിരുന്നു. അച്ഛനുമമ്മയുമുണ്ടായിരുന്നു. പുതുമമാറാത്ത ദമ്പതിമാരുണ്ടായിരുന്നു. കലഹിക്കുകയും വാരിപ്പുണരുകയുംചെയ്യുന്ന കൂട്ടുകാരുണ്ടായിരുന്നു. എല്ലാവരിലും ഉല്ലാസത്തിന്റെ, ആഹ്ലാദത്തിരകളുണ്ടായിരുന്നു.
എല്ലാം മുങ്ങിപ്പോയത് പെട്ടെന്നാണ്. കാറ്റും കാഴ്ചകളും സമ്മാനിച്ച സന്തോഷം ആസ്വദിച്ച് ഉറങ്ങാനിരുന്നവർ അതിനുമുന്നേ നിത്യനിദ്രയിലേക്ക് ഊളിയിട്ടു. ഓടിയെത്തിയ രക്ഷാകരങ്ങൾക്ക് അവരെ ഉണർത്താനായില്ല. നിസ്സഹായതയുടെ വേദന. എങ്കിലും മുങ്ങിക്കിടന്ന മറ്റുജീവനുകൾക്ക് ആ കരങ്ങൾ ആശ്വാസമായി.
വൈകുന്നേരങ്ങളെ സ്നേഹിക്കുന്നവർക്കിടയിലേക്ക് ഈ തീരം ഇടിച്ചുകയറിയത് ഈയിടെയാണ്. കൃത്യമായി പറഞ്ഞാൽ കെട്ടുങ്ങൽ പാലം തുറന്നതോടെ. അതുവരെ അക്കരയിക്കരെയെന്നപോൽനിന്ന പരപ്പനങ്ങാടിയും താനൂരും ഒന്നായി. പിന്നെ കടലോര, പുഴയോര കാഴ്ചകൾ ആൾക്കൂട്ടത്തിനായി തുറന്നിട്ടു.
പൂരപ്പുഴയും അറബിക്കടലും സംഗമിക്കുന്ന മനോഹരതീരം. പുഴയുടെ സമസ്ത സൗന്ദര്യവും കടലിന്റെ രൗദ്രഭാവവും. തഴുകുന്ന കാറ്റ്. അങ്ങകലെ, ഒരു ചുവപ്പുഗോളമായി കടലിലേക്ക് ചാഞ്ഞ് പതുക്കെ, ഇല്ലാതാകുന്ന, കാണാതാകുന്ന സൂര്യൻ, പുഴയും കടലും സ്നേഹത്തോടെ പരസ്പരം പുണരുന്ന നീർച്ചാലുകൾ…. സായാഹ്നങ്ങൾക്ക് പ്രകൃതി നിറംപകർന്നപ്പോൾ ഇവിടം നാട്ടുകാർക്കും സഞ്ചാരികൾക്കും പ്രിയപ്പെട്ടതായി.
ആളേറിയപ്പോൾ വിനോദസഞ്ചാരസാധ്യതകൾ തിരതല്ലി. അങ്ങനെ പൂരപ്പുഴ ചുറ്റിക്കറങ്ങാൻ ബോട്ടെത്തി. വലുതും ചെറുതുമെല്ലാം. തൊട്ടപ്പുറത്ത് താനൂരിന്റെ തൂവൽതീരത്ത് കടൽയാത്രയുമായി, ഫ്ളോട്ടിങ് ബ്രിഡ്‌ജ്കൂടി നങ്കൂരമിട്ടപ്പോൾ, ഇവിടേക്ക് ആളൊഴുകി. അതിൽ കയറാൻ, പുഴ ചുറ്റിയൊരു ഉല്ലാസയാത്ര നടത്താൻ കുടുംബങ്ങൾ തിരക്കുകൂട്ടി. മതിയായ സുരക്ഷയും മുൻകരുതലും പലപ്പോഴും ആ തിരക്കിനുമുന്നിൽ വഴിയൊഴിഞ്ഞുനിന്നു.
സംഘാടകരുടെ വിലക്കും നിബന്ധനകളും ആൾക്കൂട്ടത്തിന്റെ ഇഷ്ടങ്ങളുടെ വേലിയേറ്റത്തിൽ മുങ്ങിപ്പോകുകയായിരുന്നു. ഒടുവിലത് നാടിനെ നിത്യവേദനയിലാക്കി.