‘തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തി’; ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു. രാജിക്കത്ത് കെപിസിസിക്ക് കൈമാറിയെന്ന് നിജേഷ് അരവിന്ദ് പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി പരിഗണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നിജേഷ് അരവിന്ദ് രാജിക്കത്ത് കൈമാറിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് എലത്തൂര്‍ മണ്ഡലത്തിലേക്ക് നിജേഷ് അരവിന്ദിനെ പരിഗണിച്ചിരുന്നെങ്കിലും അവസാനഘട്ടത്തില്‍ പാര്‍ട്ടി ഒഴിവാക്കുകയായിരുന്നു.
പരിപാടിയിൽ പങ്കെടുപ്പിക്കാതെ ഇരുട്ടിൽ നിർത്തിയെന്നാണ് നിജേഷ് അരവിന്ദ് ഉന്നയിക്കുന്ന ആക്ഷേപം. സ്ഥാനാർത്ഥിത്വത്തിൽ പരിഗണിക്കാതിരുന്നതിലും നിജേഷ് അരവിന്ദിന് പ്രതിഷേധം ഉണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും നിജേഷ് അരവിന്ദിന് യാതൊരു ചുമതലയും പാര്‍ട്ടി നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു നിജേഷ് അരവിന്ദിന്റെ രാജി. കോഴിക്കോട് ജില്ലയില്‍ കെ സി വേണുഗോപാലിനും ഷാഫി പറമ്പിലിനും ഒപ്പം നില്ക്കുന്ന നേതാക്കള്‍ക്ക് മാത്രം സീറ്റ് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരുന്നു. കോൺഗ്രസിനെ പ്രതികരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ആൾ കൂടിയാണ് നിജേഷ്.