EDAPPAL

മോട്ടർപുര നന്നാക്കിയില്ല; കണ്ണേങ്കായലിൽ അടുത്ത സീസണിൽ പുഞ്ചക്കൃഷി നടക്കില്ല

എടപ്പാൾ : വെള്ളം വറ്റിച്ച് നിലമൊരുക്കാൻ വർഷങ്ങളായുണ്ടായിരുന്ന മോട്ടോർപ്പുരയടക്കം പൊളിച്ചിട്ട് അധികൃതർ പോയതോടെ കണ്ണേങ്കായലിൽ അടുത്ത സീസണിലെ പുഞ്ചക്കൃഷി പ്രതിസന്ധിയിൽ. വേനൽമഴയിൽ കായലിൽ വെള്ളംനിറഞ്ഞതാണ് ആരംഭിച്ച പണി പാതിവഴിയിൽ നിലയ്ക്കാൻ കാരണം.

പൊന്നാനി കോളിലെ 200-ഓളം ഏക്കർ കൃഷി നടക്കുന്ന കണ്ണേങ്കായൽ കോൾപടവിലാണ് കൃഷിതന്നെ അവതാളത്തിലേക്ക് നീങ്ങുന്നത്. വർഷങ്ങൾക്കുമുൻപ് നിർമിച്ച ഒരു മോട്ടോർപ്പുരയും പറക്കുഴിയും സ്ളൂയിസുമടക്കമുള്ളവ ഉപയോഗിച്ചാണ് ഇവിടെയുള്ള 160-ഓളം കർഷകർ പുഞ്ചക്കൃഷി ചെയ്തിരുന്നത്. കെ.എൽ.ഡി.സി. യുടെ കോൾ വികസന പദ്ധതിയിലുൾപ്പെടുത്തി ഇവിടുത്തെ മോട്ടോർപ്പുരയും സ്ലൂയിസുമടക്കമുള്ളവ പുതുക്കിപ്പണിയാൻ ഇക്കഴിഞ്ഞ മാസമാണ് പണിയാരംഭിച്ചത്.

മോട്ടോർപ്പുര പൊളിച്ച്‌ 50 എച്ച്.പി.യുടെ മോട്ടോറും പെട്ടിയും പറയുമടക്കമുള്ളവ കരയിലേക്ക് കയറ്റി. പുതുക്കിപ്പണിയാനുള്ള നടപടികളാരംഭിച്ചതോടെയാണ് ശക്തമായ മഴയാരംഭിച്ചത്. ഇതോടെ വറ്റിക്കിടന്ന കോളിലാകെ വെള്ളംനിറഞ്ഞു. യന്ത്രങ്ങളിറക്കാനും തൊഴിലാളികൾക്ക് നിൽക്കാനുമൊന്നുമാവാത്തവിധം വെള്ളം പൊങ്ങിയതോടെ പണി നിർത്തി കരാറുകാർ പോയി. കാലവർഷമെത്തുംമുൻപ് പണി തീർത്താൽ മാത്രമേ അടുത്ത സീസണിൽ വെള്ളംവറ്റിച്ച് ഇവിടെ പുഞ്ചക്കൃഷിയിറക്കാനാവൂ.

ഇപ്പോഴത്തെ നിലയിൽ വെള്ളം വറ്റി ഇനി പണി നടക്കാൻ സാധ്യതയില്ല.കാലവർഷം കഴിഞ്ഞ് വെള്ളം വറ്റുമ്പോഴേക്കും കൃഷിയിറക്കാനുള്ള സമയം അതിക്രമിക്കും. അതോടെ കർഷകരുടെ ഒരു സീസൺ നഷ്ടപ്പെടുകയാണുണ്ടാവുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button