KERALA

നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും കണ്ണൂര്‍ സ്വദേശിയിലൂടെ.

മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ ഹൃദയം കണ്ണൂര്‍ സ്വദേശിയില്‍മിടിച്ചു തുടങ്ങി. ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സര്‍ജറി പുലര്‍ച്ചെ മൂന്നരയ്ക്കാണ് പൂര്‍ത്തിയായത്. കോഴിക്കോട് മെട്രോ ആശുപത്രിയിലാണ് എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ സ്വദേശി നേവിസിന്റെ ഹൃദയവുമായി എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും വൈകീട്ട് നാലേ പത്തിനാണ് ആംബുലന്‍സ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. എറണാകുളം മുതല്‍ കോഴിക്കോടുവരെ സര്‍ക്കാര്‍ റോഡില്‍ ഗ്രീന്‍ ചാനല്‍ ക്രമീകരണമൊരുക്കിയിരുന്നു. വഴിയില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. 172 കിമീ ദൂരം മൂന്ന് മണിക്കൂര്‍ അഞ്ച് മിനിറ്റുകൊണ്ട് പിന്നിട്ട് രാത്രി ഏഴേകാലോടെ ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു.

തൊട്ടുപിന്നാലെ കണ്ണൂര്‍ സ്വദേശിയായ അന്‍പത്തൊന്‍പതുകാരന് ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയയും തുടങ്ങി. ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥിയായിരുന്ന നേവിസ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ പതിനാറിന് കുഴഞ്ഞു വീഴുകയായിരുന്നു. തിങ്കളാഴ്ചയോടെ നേവിസിന് മസ്തിഷ്‌ക മരണം സംഭവിച്ചു,ഇതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button