മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമം: ഡോ. ഹാരിസിനെതിരെ നടപടി വേണ്ട; ആരോപണങ്ങള്‍ തള്ളാതെ വിദഗ്ധ സമിതി
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവമുണ്ടെന്ന ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലുകള്‍ തള്ളാതെ വിദഗ്ധ സമിതി റിപ്പോർട്ട്.മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്ന പ്രക്രിയ ലഘൂകരിക്കണമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തല്‍.
വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ മുടങ്ങിയതുമായി ബന്ധപ്പെട്ട ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍ വസ്തുതയാണെന്നും സിസ്റ്റത്തിന് പ്രശ്നം ഉണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. ഡോക്ടറുടെ പരസ്യപ്രതികരണം സർവീസ് ചട്ടലംഘനമാണെന്നും എന്നാല്‍ ഹാരിസിനെതിരെ കർശന നടപടി വേണ്ടെന്നുമാണ് റിപ്പോർട്ടിലെ നിർദേശം.ആലപ്പുഴ മെഡിക്കല്‍ കോളേജ് മേധാവി ഡോ. പത്മകുമാറിന്റെ നേതൃത്വത്തില്‍ ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് അന്വേഷണം നടത്തിയത്. ഉപകരണങ്ങളുടെ ക്ഷാമം നിലവിലുണ്ടെന്ന് വിവിധ വകുപ്പുകളിലെ മേധാവികള്‍ വിദഗ്ധസമിതിയോട് പറഞ്ഞതായാണ് വിവരം. സമിതി അന്വേഷണ റിപ്പോർട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥന് ഇന്നലെ രാത്രി കൈമാറി. ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിന് റിപ്പോർട്ട് കൈമാറും.മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഒരു വർഷം മുൻപ് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടെ അറിയിച്ചിരുന്നുവെന്നും എല്ലാ വിഭാഗത്തിലും പ്രശ്നങ്ങളുണ്ടെന്നും പല വകുപ്പ് മേധാവിമാരും അത് തുറന്ന് പറയാത്തത് ഭയംകൊണ്ടാണെന്നുമായിരുന്നു ഡോ. ഹാരിസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. തനിക്കും ആദ്യഘട്ടത്തില്‍ ഭയമുണ്ടായിരുന്നുവെങ്കിലും രോഗികളോടുള്ള കടപ്പാടും കടമയും ഓർത്തപ്പോള്‍ ആ ഭയത്തിന് അർഥമില്ലെന്ന് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പല ഉപകാരണങ്ങളും രോഗികളാണ് വാങ്ങിത്തരുന്നത് എന്ന ഗുരുതരമായ ആരോപണവും അദ്ദേഹം മുന്നോട്ടുവെച്ചു. വീഴ്ച മന്ത്രിയുടെ ഭാഗത്തല്ല, ഉദ്യോഗസ്ഥരുടെ ഭാഗത്താണെന്നും ശസ്ത്രക്രിയകള്‍ മുടങ്ങുന്ന അവസ്ഥ മുൻപും ഉണ്ടാകാറുണ്ടെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവെയ്ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നല്കാൻ ഡോക്ടർമാർ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില് മുൻപില് നില്‍ക്കുകയാണെന്നും ഡോ ഹാരിസ് കുറ്റപ്പെടുത്തിയിരുന്നു.