അദ്ധ്യാപകൻ പീഡിപ്പിച്ചെന്ന പരാതി വ്യാജം; ഏഴ് വർഷത്തിന് ശേഷം കോടതിയിലെത്തി ക്ഷമ ചോദിച്ച് യുവതി

കോട്ടയം: അദ്ധ്യാപകനെതിരെ യുവതി നൽകിയ പീഡന പരാതിയിൽ വർഷങ്ങൾക്ക് ശേഷം വഴിത്തിരിവ്. ഏഴ് വർഷങ്ങൾക്ക് ശേഷം താൻ നൽകിയ പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി യുവതി പരാതി പിൻവലിച്ചു. കോടതിയിലെത്തിയാണ് യുവതി കേസ് പിൻവലിച്ചത്. കോട്ടയം കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി ഡി ജോമോനെതിരെ 2017ൽ എറണാകുളം സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് പരാതി നൽകിയത്.തന്നെ പരിശീലനത്തിനായി കൊണ്ടുപോകുന്നതിനിടെ അദ്ധ്യാപകൻ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പിന്നാലെ ജോമോനെ പൊലീസ് അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടിക്കുകയും ചെയ്തു. തുടർന്ന് ഏഴ് വർഷം നീണ്ട നിയമപോരാട്ടം. ഇതിനിടെ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ പല ജോലികളും ജോമോൻ ചെയ്തിരുന്നു. ആത്മഹത്യയെ പറ്റി പോലും താൻ ചിന്തിച്ചിരുന്നുവെന്നും ജോമോൻ വെളിപ്പെടുത്തി. പരാതിക്കാരി ഈയിടെയാണ് ജോമോന്റെ ദുരിത ജീവിതത്തെപ്പറ്റി അറിഞ്ഞത്.തുടർന്ന് ഭർത്താവിനൊപ്പം ജോമോന്റെ നാട്ടിലെത്തി, ജോമോൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിലാണ് പീഡന പരാതി നൽകിയതെന്നും യുവതി വെളിപ്പെടുത്തി. നാട്ടിലെ പള്ളിയിലെ ശുശ്രൂഷയ്ക്കിടെ യുവതി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീട് കോടതിയിൽ ഹാജരായി മാെഴി കൊടുത്തതോടെ ജോമോനെ വിട്ടയച്ചു. വർഷങ്ങൾ നീണ്ട് നിന്ന് അവഗണനയ്ക്കും അപമാനത്തിനുമൊടുവിൽ തന്റെ നിരപരാധിത്വം ബോദ്ധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ജോമോൻ പറഞ്ഞു
