കോവിഡ് പ്രതിസന്ധി:സംസ്ഥാനത്ത് മൂന്നുപേർ ജീവനൊടുക്കി

എടപ്പാൾ: കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ തകർന്ന് സംസ്ഥാനത്ത് മൂന്നു പേർ ആത്മഹത്യ െചയ്തു. എടപ്പാൾ അയിലക്കാട് അപ്നാ അപ്നാ ഹോട്ടലുടമ കോതകത്ത് ഭരതൻ (ഗണേശൻ -48), പാലക്കാട് തെങ്കര ചേറുംകുളത്ത് ലോട്ടറിക്കടയുടമ ഏച്ചൻമാരെ വീട്ടിൽ കണ്ണൻ (49), കട്ടപ്പന കല്യാണത്തണ്ട് തുണ്ടത്തിൽ മധു (55) എന്നിവരാണ് ആത്മഹത്യ െചയ്തത്. ലോഡ്ജിൽ താമസിക്കുന്ന ഭരതനും കുടുംബവും ചേർന്നാണ് ഹോട്ടൽ നടത്തിയിരുന്നത്. ദീർഘകാലം ഹോട്ടലടച്ചതോടെ സാമ്പത്തികമായി തകർന്ന ഇദ്ദേഹത്തിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ചങ്ങരംകുളം പോലീസ് മൃതദേഹ പരിശോധന നടത്തി. ചൊവ്വാഴ്ച സംസ്കരിക്കും. ഭാര്യ: ലീന. മക്കൾ: അഖിൽ, അതുൽ.
മണ്ണാർക്കാട് പച്ചക്കറിമാർക്കറ്റിൽ രാജമാണിക്യം ലോട്ടറി ഏജൻസി നടത്തുകയായിരുന്നു കണ്ണൻ. കടബാധ്യതയാണ് മരണകാരണമെന്ന് കുടുംബക്കാർ പറഞ്ഞു. ഭാര്യ: സുനിത. മക്കൾ: അരുൺ, അശ്വതി.
തേക്കടിയിലെ ആനസവാരി കേന്ദ്രത്തിലായിരുന്നു മധുവിന് ജോലി. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടതോടെ വീട്ടിൽ മടങ്ങിയെത്തി കൃഷിയിലേക്ക് തിരിയുകയായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: ശ്രുതി, വിഷ്ണു.
