Local newsPONNANI

പൊന്നാനി ഹാർബറിൽ ആറുനില ഭവനസമുച്ചയം നിർമിക്കുന്നു

പൊന്നാനി ∙ ഫിഷിങ് ഹാർബർ പ്രദേശത്ത് 6 നിലകളിലായി 100 വീടുകൾ കൂടി ഒരുങ്ങുന്നു. അര ഏക്കറോളം സ്ഥലത്ത് സൗകര്യപ്രദമായ ഭവനസമുച്ചയം നിർമിക്കാനാണ് ലക്ഷ്യം. പദ്ധതി സർക്കാർ അംഗീകരിച്ചാലുടൻ ടെൻഡർ നടപടികളിലേക്കു കടക്കും. ഒരു വർഷത്തിനകം പദ്ധതി യാഥാർഥ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് നടപടികൾ മുന്നോട്ടു നീക്കുന്നത്. ഹാർബർ പ്രദേശത്ത് നിലവിലുള്ള ഭവന സമുച്ചയത്തോടു ചേർന്നാണ് പുതിയ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്.

128 കുടുംബങ്ങൾ പുതിയ കെട്ടിടത്തിൽ താമസം തുടങ്ങിക്കഴിഞ്ഞു. പുതിയ പദ്ധതി കൂടി യാഥാർഥ്യമായിക്കഴിഞ്ഞാൽ പൊന്നാനി തീരപ്രദേശത്തെ 228 കുടുംബങ്ങൾക്ക് കടലാക്രമണത്തിൽനിന്ന് രക്ഷയാകും. ഇതോടൊപ്പം തന്നെ പുനർഗേഹം പദ്ധതി പ്രകാരം 49 വീടുകൾ നിർമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുടുംബങ്ങൾ കണ്ടെത്തിയ ഭൂമിയുടെ വില നിർണയം പൂർത്തിയായിക്കഴിഞ്ഞു. റജിസ്ട്രേഷൻ നടപടികൾ അടുത്തയാഴ്ചയോടെ തുടങ്ങുമെന്നാണ് അറിയുന്നത്. വില നിർണയം വൈകിയതിനാൽ 5 കുടുംബങ്ങൾ കണ്ടെത്തിയ ഭൂമി കിട്ടാതെ പോയി.

ഭൂവുടമകൾ ഭൂമി മറിച്ചു വിൽക്കുകയായിരുന്നുവത്രേ. ഭൂമി വാങ്ങിക്കുന്നതിനും വീടു വയ്ക്കുന്നതിനുമായി 10 ലക്ഷം രൂപയാണ് സർക്കാർ സഹായധനമായി നൽകുന്നത്. പദ്ധതി പ്രകാരം നിലവിൽ 20 കുടുംബങ്ങൾ വീടുകൾ നിർമിച്ചു കഴിഞ്ഞു. പൊന്നാനി തീരപ്രദേശത്ത് വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്. കടലോരം സർക്കാർ ഏറ്റെടുത്ത് തീരദേശ ഇടനാഴിയാക്കി മാറ്റാനും ആലോചനയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button