സ്‌ട്രോക്ക് രോഗികള്‍ക്ക് ഫിസിയോതെറാപ്പി വീട്ടിലിരുന്നും ചെയ്യാവുന്ന തരത്തില്‍ പുതിയ ഉപകരണം കണ്ടെത്തി വിദ്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍
തളര്‍വാതം വന്ന് ചികിത്സ തുടരുന്നവര്‍ ശരീരഭാഗങ്ങള്‍ പഴയപടി കൊണ്ടുവരുന്നതിന് ആശ്രയിക്കുന്നത് മിക്കവാറും ഫിസിയോ തെറാപ്പിയാണ്. പൊതുവെ കൈകളുടെ ചലനമാണ് പഴയതരത്തിലെത്താന്‍ സാധ്യത കുറവ്. ആശുപത്രിയിലെത്തി ഫിസിയോതെറാപ്പി ചെയ്യുമ്പോള്‍ സമയവും പണവും നഷ്ടമാണ്. ഇതിന് പരിഹാരമായാണ് തൃശ്ശൂര്‍ തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പുതിയ ഉപകരണം കണ്ടെത്തിയിരിക്കുന്നത്. കൈ മേലേയ്ക്കും താഴേയ്ക്കും ചലിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം രോഗിയ്ക്ക് ആവശ്യമുള്ളത്ര തവണ ഇത് ചെയ്യാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഈ ഉപകരണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഇത് പ്രവര്‍ത്തിക്കുന്നത് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ബ്ലിംഗ് എന്ന് പേരായ ആപ്ലിക്കേഷന്‍ വഴിയാണ്. ഇത് വഴിയാണ് ഉപകരണം ഓണാവുന്നതും ഓഫാവുന്നതും, ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ പ്രകാരം എത്ര വട്ടം തെറാപ്പി ചെയ്യണം എന്നുളളതു ടൈപ്പ് ചെയ്ത് നല്‍കാനും റീസെറ്റ് ചെയ്യാനും ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും.
ഏതൊരാള്‍ക്കും സരളമായി കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. 8000 മുതല്‍ 8500 രൂപ വരെയാണ് ഉപകരണത്തിന് ചെലവ് വരുന്നത്. കോളേജിലെ അദ്ധ്യാപകരുടെയും ഡോക്ടര്‍മാരുടെയും നിര്‍ദ്ദേശങ്ങളും സ്‌ട്രോക്കിന് ചികിത്സ തുടരുന്ന രോഗികളുടെ തെറാപ്പിയില്‍ കണ്ടുവരുന്ന പോരായ്മകളും കൂടി പരിഗണിച്ചാണ് പ്രൊജക്ട് വര്‍ക്കിന്റെ ഭാഗമായി ഉപകരണം തയ്യാറാക്കിയതെന്ന് എഞ്ചിനീയറിംഗ് അവസാന സെമസ്‌ററര്‍ വിദ്യാര്‍ത്ഥികളായ മനുമോഹന്‍ സി.എം, ഹുദൈഫ് ടി.എച്ച്, ജാസിര്‍ മുഹമ്മദ് ബുഷൈര്‍, ഗോകുല്‍ രാജീവ് എന്നിവര്‍ പറയുന്നു