Local news
പൂച്ചക്കുഞ്ഞുങ്ങൾ ആംബുലൻസിൽ തമിഴകം ചുറ്റി; കരച്ചിൽ നിർത്താതെ അമ്മപ്പൂച്ച, ഒടുവിൽ ആശ്വാസം…
വടക്കേക്കാട് താമസിച്ചിരുന്ന തമിഴ്നാട് കടലൂർ ജില്ലാ കാട്ടുമണ്ണാർകോവിൽ സിലംബരശന്റെ (38) മൃതദേഹം നാട്ടിലെത്തിക്കാനാണ് ക്രിയേറ്റീവ് ആംബുലൻസ് ചെറായി ഓഫീസിൽ നിന്ന് ഫ്രീസർ കയറ്റിയത്. ഈ സമയം മുറിയിലുണ്ടായിരുന്ന പൂച്ച കുഞ്ഞുങ്ങൾ ആളുകളെ കണ്ടു പേടിച്ച് ഫ്രീസറിന് അടിയിൽ പതുങ്ങി എന്നാണ് കരുതുന്നത്. വണ്ടി പോകാൻ നേരത്ത് അമ്മ പൂച്ച ആംബുലൻസിന് ചുറ്റും നടന്ന് കരഞ്ഞെങ്കിലും ആരും ശ്രദ്ധിച്ചില്ല. ഫ്രീസർ കിടന്ന മുറിയിലും പരിസരത്തും രാത്രിയും പകലും പൂച്ച കരഞ്ഞു നടന്നു. സമീപത്തെ കടയുടമ പതിവ് ഭക്ഷണം നൽകിയെങ്കിലും കഴിച്ചില്ല. ആംബുലൻസ് പോയ വഴി നോക്കിയുള്ള കിടപ്പ് കണ്ടപ്പോഴാണ് കുഞ്ഞുങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ എന്ന സംശയം ഉയർന്നത്.
വായനശാല ഭാരവാഹികൾ ആംബുലൻസ് ഡ്രൈവറെ വിളിക്കുമ്പോൾ വണ്ടി മടക്കയാത്രയിൽ അവിനാശി എത്തിയിരുന്നു. കോയമ്പത്തൂർ എത്തി പരിശോധിച്ചപ്പോഴാണ് രണ്ടു കുഞ്ഞുങ്ങളും വണ്ടിയിൽ ഉണ്ടെന്ന് മനസ്സിലായത്. കുട്ടികൾ വണ്ടിയിൽ നിന്ന് ചാടാതിരിക്കാൻ ചില്ലുകൾ അടച്ചായിരുന്നു പിന്നീടുള്ള യാത്ര. രാത്രി വൈകി ആംബുലൻസ് ഡ്രൈവർമാരായ രാജേഷ്, അമൽ,സാലി എന്നിവർ കുഞ്ഞുങ്ങളെ അമ്മ പൂച്ചയെ ഏൽപ്പിച്ചു