മിച്ചഭൂമിയല്ലെന്ന് കോടതി അംഗീകരിച്ചിട്ടും : പട്ടയം കിട്ടാതെ നെഹ്രു കോളനിക്കാർ
എടപ്പാൾ: എട്ടുപതിറ്റാണ്ടോളമായി താമസിക്കുന്ന കോളനിയിലെ ഭൂമി മിച്ചഭൂമിയല്ലെന്ന് കോടതി അംഗീകരിച്ചു. എന്നാൽ പട്ടയമോ ആധാരമോ കൈവശരേഖയോ നികുതിയടച്ച രസീതോ പോലും കിട്ടാതെ 30 കുടുംബങ്ങൾ.
എടപ്പാൾ ഗ്രാമപ്പഞ്ചായത്തിലെ അംശക്കച്ചേരിയിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിനു പടിഞ്ഞാറുവശത്തുള്ള ഉദിനിക്കര നെഹ്രു കോളനി വാസികളാണ് വർഷങ്ങളായി ഇങ്ങനെ കഴിയുന്നത്. ഇവിടെയുള്ള ഒരു മനയുടെ അധീനതയിലായിരുന്നു ഈ ഭൂമി. 1964-ലെ ഭൂപരിഷ്‌കരണ നിയമത്തോടെ ഭൂമി മിച്ചഭൂമിയാണെന്നും വിട്ടുനൽകണമെന്നുമാവശ്യപ്പെട്ട് താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിറക്കി. എന്നാൽ കൂട്ടുകുടുംബ വ്യവസ്ഥിതിപ്രകാരം കുടുംബാംഗങ്ങൾക്കെല്ലാം ഭൂമി വിട്ടുകൊടുക്കേണ്ടതുള്ളതിനാൽ കൈവശം വെക്കാവുന്നതിലധികം ഭൂമിയില്ലാത്തതിനാൽ ലാൻഡ് ബോർഡ് വിധി ശരിയല്ലെന്നുവാദിച്ച് ഉടമ ഹൈക്കോടതിയിൽപ്പോയി അനുകൂലവിധി സമ്പാദിച്ചു.
ഇതോടെ ലാൻഡ് ബോർഡ് നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു. ഇതിനിടയിലാണ് കുറെ കുടുംബങ്ങൾ ഇവിടെ വീടുവെച്ച് താമസമാരംഭിച്ചത്. ഉടമ ഈ ഭൂമിക്കായി പിന്നീട് വരാത്തതിനാലും കോളനിവാസികൾ പതിറ്റാണ്ടുകളായി താമസിച്ചുവന്നതിനാലും ഇവർക്ക് ഇതിൽ നിയമപ്രകാരം അവകാശം സിദ്ധിച്ചെങ്കിലും രേഖകളൊന്നും ലഭിച്ചില്ല.
കോളനിവാസികൾ 2015-ൽ നൽകിയ ഭീമഹർജി പ്രകാരം താലൂക്ക് ഓഫീസിൽനിന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. മിച്ചഭൂമിയല്ലാത്തതിനാൽ ഭൂമി ജന്മി കൈവശക്കാർക്ക് രജിസ്റ്റർചെയ്തുനൽകുകയോ ലാൻഡ് ട്രിബ്യൂണലിൽനിന്ന് പട്ടയം നൽകുകയോ വേണമെന്ന് തഹസിൽദാർ നൽകിയ റിപ്പോർട്ടിൽ പറഞ്ഞതുപ്രകാരം കളക്ടർ ചർച്ച നടത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല.

പതിറ്റാണ്ടുകളായി വീടുവെച്ച് താമസിക്കുന്ന വീടിന്റെ പേരിലുള്ള അവകാശം തെളിയിക്കാനുള്ള ഒരു രേഖയുമില്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളും വായ്‌പാസൗകര്യവുമെല്ലാം മുടങ്ങിയ പ്രയാസത്തിലാണ് ഈ കുടംബങ്ങളത്രയും. ഇതുസംബന്ധിച്ച രേഖകൾക്കായി കോളനിവാസികൾ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും കളക്ടറേറ്റിൽ രേഖകളൊന്നും കണ്ടെത്താനായില്ലെന്ന മറുപടി ലഭിച്ചു.