നിസ്കാരപ്പായയിൽ ഇരുന്ന് ഒരു ഹരിശ്രീ, ആദം ഗുവേര മനുഷ്യത്വമുള്ളവനായി വളരട്ടെ; കെ.ടി ജലീൽ


കുഞ്ഞ് ആദമിന് ആദ്യക്ഷരം കുറിച്ച് മുൻമന്ത്രി കെ.ടി ജലീൽ. നിലവിളക്കുമായി വീട്ടിലെത്തിയ രഞ്ജിതിൻ്റെയും ശിബിലയുടെയും മകൻ ആദം ഗുവേരക്കാണ് നിസ്കാരപ്പായയിൽ ഇരുത്തി ആദ്യക്ഷരം കുറിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ.ടി ജലീൽ എം.എൽ.എ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.
കെ.ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
നിസ്കാരപ്പായയിൽ ഇരുന്ന് ഒരു ഹരി ശ്രീ… ഇന്ന് മണ്ഡലത്തിലെ വിവിധ പരിപാടികൾക്കായി ഇറങ്ങിയത് രഞ്ജിതിൻ്റെയും ശിബിലയുടെയും മകൻ ആദം ഗുവേരക്ക് നാവിൽ ആദ്യാക്ഷരം കുറിച്ചാണ്. താലത്തിലെ ഉണങ്ങല്ലരിയിൽ അവൻ്റെ കുഞ്ഞു വിരലുകൾ കൊണ്ട് അമ്മ എന്നെഴുതിച്ചു അച്ഛനെന്നും.
നിലവിളക്കുമായി ഇരുവരും രാവിലെയാണ് വീട്ടിലെത്തിയത്. ഭാര്യ ഫാത്തിമക്കുട്ടി ടീച്ചറോട് തറയിൽ ഇരിക്കാൻ ഒരു പായ ആവശ്യപ്പെട്ടപ്പോൾ കൊണ്ടുവന്ന് തന്നതാകട്ടെ നിസ്കാരപ്പായ! അതിലിരുന്നായിരുന്നു ഹരി ശ്രീ കുറിക്കൽ. ആദം ഗുവേരക്ക് ചോറൂൺ ചടങ്ങ് നടത്തിയതും പേരിട്ടതും രജ്ഞിതിൻ്റെയും ശിബിലയുടെയും ആഗ്രഹപ്രകാരം ഞാൻ തന്നെയാണ്. ഇ.ഡി വിവരങ്ങൾ ചോദിച്ചറിഞ്ഞ വിവാദ നാളുകളിൽ. ആദം ഗുവേര മനുഷ്യത്വമുള്ളവനായി വളരട്ടെ.
