ഇനിയും അനാസ്ഥ; വെങ്ങിനിക്കുളത്തിന് സുരക്ഷയൊരുക്കണം
എടപ്പാൾ : ഒരു മരണം സംഭവിച്ചപ്പോൾ നാട്ടുകാരും മാധ്യമങ്ങളുമെല്ലാം പറഞ്ഞിട്ടും ഒന്നും നടന്നില്ല. അധികം വൈകാതെ മറ്റൊരു വിലപ്പെട്ട ജീവൻപോലും അതേ കുളത്തിൽ പൊലിഞ്ഞു. പൊന്നോമനകളായി വളർത്തിവലുതാക്കിയ മക്കളുടെ ചലനമറ്റശരീരം ഒരു സുപ്രഭാതത്തിൽ വീട്ടിലെത്തുമ്പോഴുണ്ടാകുന്ന മാതാപിതാക്കളുടെ കണ്ണുനീരിന് ഇനിയെങ്കിലും അധികൃതർ വിലകൽപ്പിക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കമാവശ്യപ്പെടുന്നത്. എടപ്പാൾ പഞ്ചായത്തിലെ വെങ്ങിനിക്കരയിലുള്ള
വെങ്ങിനിക്കുളമാണ് കുഞ്ഞുങ്ങളുടെ കുരുതിക്കളമായി മാറുന്നത്.
നീന്തൽക്കുളത്തിന്റെ ശാസ്ത്രീയതകളൊന്നും പാലിക്കാതെ നിർമിച്ച ഈ കുളത്തിൽ രണ്ടു കുട്ടികൾക്കാണ് ഇതിനകം ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസമാണ് കോലൊളമ്പ് വൈദ്യർമൂലയിലെ അഭിനവ് എന്ന 17 കാരൻ അതിദാരുണമായി ഈ കുളത്തിൽ മുങ്ങിമരിച്ചത്. നേരത്തെ തലമുണ്ട സ്വദേശിയായ കുട്ടിയും കുളത്തിൽ മുങ്ങിത്താഴ്ന്നിരുന്നു. നേരത്തെ വേന്ത്രക്കാട്ട് മനക്കാരുടേതായിരുന്നു കുളം. പിന്നീട് കൃഷി ആവശ്യാർത്ഥം അവരത് പഞ്ചായത്തിന് വിട്ടുകൊടുത്തു.
കുറെക്കാലം കൃഷിക്ക് വെള്ളമെത്തിക്കാനും കന്നുകാലികളെ കഴുകാനുമെല്ലാമായി കുളമുപയോഗിച്ചു. പിന്നീട് കൃഷി കുറഞ്ഞതോടെ ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കുളം ആഴംകൂട്ടി നാലുവശവും കെട്ടി മനോഹരമാക്കിയത്. ഇതോടെ എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളുടെ വിവിധ
ഭാഗങ്ങളിൽ നിന്നായിനൂറുകണക്കിനാളുകളുംകുട്ടികളും രാവിലെയും വൈകീട്ടും ഇവിടെ നീന്തിക്കുളിക്കാനെത്തി. നേരത്തെ ഒരാൾക്ക് മാത്രമാഴമുണ്ടായിരുന്ന കുളം ഇപ്പോൾ അതിന്റെ നാലിരട്ടിയോളം ആഴമുള്ളതാണ്.
30 സെന്റോളമുള്ള സ്ഥലത്ത് നിർമിച്ച വലിയ കുളത്തിന്റെ രണ്ടു കരകളിൽ മാത്രമാണ് പടവുകളുള്ളത്. നന്നായി നീന്താനറിയാവുന്നവർക്ക് മാത്രമേ മറുകരയെത്താനാവൂ. അല്ലാത്തവർ പകുതിയിലെത്തുമ്പോഴേക്കും തളർന്നു പോകാനും സാധ്യതയേറെയാണ്. നേരത്തെ ഒരു കുട്ടി മരിച്ചപ്പോൾ വെങ്ങിനിക്കര ഗ്രാമസമിതി മുൻകൈയെടുത്ത് സുരക്ഷാ ജാക്കറ്റടക്കം ചില സംവിധാനങ്ങളേർപ്പെടുത്തിയെങ്കി ലും പിന്നീട് അവയൊക്കെ ഓരോരുത്തർ എടുത്തു കൊണ്ടു പോകുകയായിരുന്നു.
ഇതിനു ശേഷമാണ് ഇപ്പോൾ രണ്ടാമത്തെ കുട്ടിയും മരണപ്പെട്ടത്. ഇനിയൊരുമരണം കൂടി ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നാണ്
നാട്ടുകാർ ആവശ്യപ്പെടുന്നത്.