മംഗള എക്സപ്രസിന്‍റെ എഞ്ചിൻ വേർപെട്ട് കുറച്ച് ദൂരം ഓടി; ഒഴിവായത് വൻ ദുരന്തം

തൃശൂർ സ്റ്റേഷൻ വിട്ട മംഗള എക്സ്പ്രസ് പൂങ്കുന്നം സ്റ്റേഷൻ അടുക്കുന്നതിനിടെയാണ് എഞ്ചിൻ വേർപെട്ടത്
തൃശൂർ: എറണാകുളം-നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് വൻ അപകടത്തിൽനിന്ന് രക്ഷപെട്ടു. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എഞ്ചിൻ വേർപെടുകയായിരുന്നു. തൃശൂർ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു സംഭവം. വേർപെട്ട എഞ്ചിൻ ഏതാനും മീറ്ററുകൾ മുന്നോട്ട് ഓടുകയായിരുന്നു. എഞ്ചിൻ വേർപെട്ട വിവരം മനസിലായ ഉടൻ ലോക്കോ പൈലറ്റ് എഞ്ചിൻ നിർത്തുകയായിരുന്നു.
തൃശൂർ സ്റ്റേഷൻ വിട്ട മംഗള എക്സ്പ്രസ് പൂങ്കുന്നം സ്റ്റേഷൻ അടുക്കുന്നതിനിടെയാണ് എഞ്ചിൻ വേർപെട്ടത്. തൃശൂർ സ്റ്റേഷനിൽ നിർത്തി പുറപ്പെട്ടതിനാൽ ട്രെയിന് വേഗം കുറവായിരുന്നു. ഇതാണ് വൻ അപകടം ഒഴിവാക്കിയത്.
റെയിൽവേ ജീവനക്കാർ ഉടൻ തന്നെ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തുകയും 15 മിനിട്ടിനകം യാത്ര പുനരാരംഭിക്കുകയും ചെയ്തു. ട്രെയിൻ വേഗതയിലാണ് യാത്ര ചെയ്തിരുന്നതെങ്കിൽ വേർപെട്ട ബോഗി എഞ്ചിനിലേക്ക് ഇടിച്ചുകയറി വൻ അപകടം ഉണ്ടാകുമായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.
