പൈപ്പ് ലൈൻ സ്ഥാപിക്കാൻ കീറിയ കാനയിൽ വാഹനങ്ങൾ താഴുന്നത് പതിവാകുന്നു

കോക്കൂർ: പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി കരാറുകാർ കീറിയ കാനകളിൽ വാഹനങ്ങൾ അകപ്പെടുന്നത് പതിവ് കാഴ്ചയാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വാട്ടർ അതോറിറ്റിയും ഗ്രാമപഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി കരാർ എടുത്തവർ റോഡിന്റെ ഓരങ്ങളും മദ്ധ്യഭാഗവും പൊളിച്ചു കൊണ്ട് കാനകൾ നിർമ്മിക്കുന്നുണ്ട്. എന്നാൽ പണികൾ തീരുന്ന മുറക്ക് കോൺഗ്രീറ്റ് ചെയ്തോ മറ്റോ റോഡുകൾ അപകട രഹിതമാക്കുകയും ഗതാഗത യോഗ്യമാക്കുകയും ചെയ്യേണ്ടത് കരാറുകാരുടെ ബാധ്യതയാണ്.
ഇത് ചെയ്യാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് പല ഗ്രാമീണ റോഡുകളും ചെളിക്കുളമായി മാറിയിട്ടുണ്ട്. കൂടതെ ചെളി നിറഞ്ഞ കാനകളിൽ വാഹനങ്ങൾ അകപ്പെട്ട് അപകടങ്ങളും പതിവായി.
കഴിഞ്ഞ ദിവസം ആലംകോട് ഗ്രാമ പഞ്ചായത്തിലെ 10 ആം വാർഡിൽ സി എച്ച് നഗർ-മാങ്കുളം സമദാനി റോഡിൽ കോക്കൂർ സ്വദേശി കെ ടി അഷ്റഫ് കാന കീറിയ ചളിയിൽ വീണ് എല്ല് പൊട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തിരുന്നു. കരാറുകാർക്ക് എതിരെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും നടപടി എടുക്കേണ്ട ഉദ്യോഗസ്ഥർ മൗനം പാലിക്കുന്നുവെന്നാണു പൊതു ജനങ്ങളുടെ പരാതി
