KERALA

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ വി ഡി സതീശൻ സർക്കാർ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന്. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് വി ഡി എസ് സർക്കാരിന്‍റെ ആലോചനയെന്നാണ് വ്യക്തമാകുന്നത്. തീരുമാനത്തിൽ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും. ആദ്യ ഗ്യാരന്‍റി ഒരു മാസത്തിനുളളിൽ നടപ്പാക്കാൻ തീരുമാനിച്ച യു ഡി എഫ് സർക്കാർ, കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതിയേ പ്രഖ്യാപിച്ചിട്ടുളളൂ. ഏതൊക്കെ ബസിൽ, എത്ര ദൂരം വരെ എന്നൊന്നും തീരുമാനമായിട്ടില്ല. ജില്ലകൾക്ക് പുറത്തേക്ക് സൗജന്യയാത്രയുണ്ടോ? എല്ലാ പ്രായക്കാർക്കും ആനുകൂല്യമുണ്ടോ എന്നെല്ലാം അറിയാനുണ്ട്. ഇക്കാര്യത്തിൽ സർക്കാർ വിളിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഏകദേശ ധാരണയുണ്ടായേക്കും
കെ എസ് ആർ ടി സി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചനയുളളത്. അങ്ങനെയെങ്കിൽ പ്രതിമാസം 60 കോടി രൂപ സർക്കാർ കെ എസ് ആർ ടി സിക്ക് സബ്സിഡിയായി നൽകേണ്ടി വരും. പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. പദ്ധതി നടപ്പാക്കിയ കർണാടകയിൽ എ സി, സ്ലീപ്പർ ബസുകളിൽ സൗജന്യമില്ല. തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ആനുകൂല്യം. പ്രഖ്യാപനത്തിന്‍റെ ആവേശത്തിലാണ് സ്ത്രീകൾ എന്നതിനാൽ തന്നെ സർക്കാർ ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കണ്ടറിയണം. ഇന്നത്തെ യോഗത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ഗതാഗത മന്ത്രി പങ്കെടുക്കുമോ എന്നതിലും ആകാംക്ഷയുണ്ട്. സി പി ജോണിനാണ് ചുമതലയെന്നാണ് വിവരം. ഇന്നലെ മാധ്യമങ്ങളെ കണ്ട അദ്ദേഹം വാർത്ത നിഷേധിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button