സോപാനത്തിൽ 64 അംഗ വനിതാ പഞ്ചവാദ്യസംഘത്തിന്റെ പരിശീലനം തുടങ്ങി
എടപ്പാൾ : സംസ്ഥാനത്തെ ആദ്യ വനിതാ പഞ്ചവാദ്യസംഘത്തെ രൂപപ്പെടുത്താനുള്ള സോപാനത്തിന്റെ മഹത്തായ ശ്രമത്തിന് തുടക്കമായി. 64 കലകളുടെ പ്രതീകമായി 64 വനിതകളെ ഉള്‍പ്പെടുത്തി പഞ്ചവാദ്യസംഘം ഒരുക്കാൻ സോപാനം പഞ്ചവാദ്യം സ്കൂൾ ആരംഭിച്ച പരിശീലനം പുതുവത്സരത്തിന്റെ അണിയറപ്രവർത്തനങ്ങൾക്കു വേറിട്ട താളം നൽകി.
മദ്ദളം, തിമില, ഇടയ്ക്ക, ഇലത്താളം, കൊമ്പ് തുടങ്ങി പഞ്ചവാദ്യോപകരണങ്ങൾക്കൊപ്പം പത്തു വയസ്സു മുതൽ 71 വയസ്സ് വരെ പ്രായമുള്ള വനിതകളാണ് സംഘത്തിൽ അംഗങ്ങളായത്.വനിതാദിനത്തിൽ സമൂഹത്തിന്റെ മുന്നിലേക്ക് ശക്തമായ സാന്നിധ്യമായി ഇറങ്ങുവാനുള്ള സോപാനത്തിന്റെ സ്വപ്നത്തിന് ഇതോടെ രൂപം ലഭിക്കുന്നു.
സോപാനം ഡയറക്ടർ സന്തോഷ് ആലങ്കോട് നയിക്കുന്ന പരിശീലനം കണ്ടനകത്തെ സോപാനം ഓഫീസിനോട് ചേർന്ന കളരിയിലാണ് പുരോഗമിക്കുന്നത്. അഡ്മിനിസ്ട്രേറ്റർമാരായ സിന്ധു, സബിത, രമണി, ശ്രീവിദ്യ വാസുദേവൻ, അജിത മുല്ലപ്പിള്ളി, സൂര്യ വി. എസ്. എന്നിവരും പരിശീലനത്തിന് നേതൃത്വം നൽകുന്നു.
സംഘാംഗങ്ങൾക്കാവശ്യമായ പഞ്ചവാദ്യോപകരണങ്ങൾ ഒരുക്കുന്നതാണ് സംഘാടകർ നേരിടുന്ന വലിയ വെല്ലുവിളി. ലക്ഷങ്ങൾ ചെലവാകുന്ന ഉപകരണങ്ങൾ പൊതുജനപിന്തുണയോടെ സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സോപാനം. ഇതിനകം കെ. ടി. ജലീൽ എംഎൽഎ ഉൾപ്പെടെയുള്ളവർ ഇടയ്ക്കയും മറ്റു വാദ്യോപകരണങ്ങളും സംഘത്തിന് കൈമാറിയിട്ടുണ്ട്.
ഫെബ്രുവരിയോടെ എല്ലാ അംഗങ്ങൾക്കും സ്വന്തമായി ഉപകരണങ്ങൾ നൽകി സമ്പൂർണ പരിശീലനം പൂർത്തിയാക്കി, മാർച്ച് 8-ന് വനിതാദിനത്തിൽ വൻ അരങ്ങേറ്റം നടത്താനാണ് സോപാനത്തിന്റെ നീക്കം.