വേടന്റെ അറസ്റ്റ്: പൊതുസമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പിനുണ്ടെന്ന് മന്ത്രി

വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ദൗർഭാഗ്യകരമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. പൊതു സമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ട്. പുലിപ്പല്ല് കേസ് കേന്ദ്ര നിയമപ്രകാരം എടുത്തതാണെന്നും നിയമങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു.വേടനെതിരെ പുലിപ്പല്ല് കേസെടുത്തതിൽ ആഭ്യന്തര അന്വേഷണമുണ്ടാകുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നേരത്തെ വേടന്റെ അറസ്റ്റിൽ ഇത്തരത്തിലായിരുന്നില്ല മന്ത്രിയുടെ പ്രതികരണം. അറസ്റ്റിനെ അനുകൂലിച്ചുള്ള നിലപാടാണ് മന്ത്രി ആദ്യം സ്വീകരിച്ചത്. നിലവിലെ മന്ത്രിയുടെ നിലപാട് മാറ്റത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും അതൃപ്തിയുണ്ട്.
വേടനെ അറസ്റ്റ് ചെയ്തത് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിയതിന് ശേഷമാണ്. അറസ്റ്റ് നടപടികളെ മന്ത്രി ആദ്യം പിന്തുണക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ കയ്യടി കിട്ടാനായി മന്ത്രി ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നുവെന്ന വികാരം ഉദ്യോഗസ്ഥർക്കിടയിലുണ്ട്.
