വെളിയങ്കോട് എംടിഎം കോളേജിൽ കെഎസ്‌യു ഉപരോധത്തിൽ അക്രമം

എരമംഗലം : വെളിയങ്കോട് എംടിഎം കോളേജിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്‌യുവും എംഎസ്എഫും തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഉപരോധവും അക്രമവും. പ്രിൻസിപ്പലിന്റെ സീറ്റിൽ കെഎസ്‌യു പതാക സ്ഥാപിക്കുകയും ഓഫീസിന്റെ ജനൽച്ചില്ലുകളും ഫർണിച്ചറും തകർക്കുകയുംചെയ്തു. സംഭവത്തെത്തുടർന്ന് കെഎസ്‌യു സംസ്ഥാന ജനറൽസെക്രട്ടറി കണ്ണൻ നമ്പ്യാർ ഉൾപ്പെടെ മൂന്നുപേർ റിമാൻഡിലായി.
കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ട്ചെയ്യാനുള്ള കെഎസ്‌യു പ്രവർത്തകനും യുയുസിയുമായ വാഹിബിന്റെ തിരഞ്ഞെടുപ്പുകാർഡ് എംഎസ്എഫ് പ്രവർത്തകർ കൈക്കലാക്കിയെന്ന ആരോപണമാണ് പ്രശ്നത്തിനിടയാക്കിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
യുയുസിക്ക് നേരിട്ടു നൽകേണ്ട തിരഞ്ഞെടുപ്പുകാർഡ് ആ വിദ്യാർഥി അറിയാതെ കോളേജ് വൈസ് പ്രിൻസിപ്പൽ എംഎസ്എഫ് പ്രവർത്തകന് നൽകിയെന്നായിരുന്നു ആരോപണം. ഇതിൽ പ്രതിഷേധിച്ച് കെഎസ്‌യു നേതാക്കൾ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു.
സംസ്ഥാന ജനറൽസെക്രട്ടറി കണ്ണൻ നമ്പ്യാർ, ജില്ലാ വൈസ് പ്രസിഡന്റ് റാഷിദ് പുതുപൊന്നാനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഉപരോധം.
രാത്രി ഒൻപതു കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പുകാർഡ് തിരിച്ചുവാങ്ങുന്നതിൽ തീരുമാനമാകാത്തതോടെ പ്രതിഷേധക്കാർ പ്രകോപിതരാകുകയും പ്രിൻസിപ്പലിന്റെ ഓഫീസ് അടിച്ചുതകർക്കുകയുമായിരുന്നു.
സംഭവം അറിഞ്ഞെത്തിയ പെരുമ്പടപ്പ് പോലീസ് ഇൻസ്‌പെക്ടർ സി.വി. ബിജു, സബ് ഇൻസ്‌പെക്ടർ ഖാലിദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രംഗം ശാന്തമാക്കിയത്. കണ്ണൻ നമ്പ്യാർ, റാഷിദ് പുതുപൊന്നാനി, സനീൻ സുബി എന്നിവരെ പോലീസ് രാത്രി 12 മണിയോടെ അറസ്റ്റുചെയ്ത് നീക്കി.
തുടർന്ന് കെപിസിസി അംഗം ഷാജി കാളിയത്തേൽ പ്രിൻസിപ്പലുമായി ചർച്ച നടത്തി. ചൊവ്വാഴ്ച രാവിലെ കാർഡ് വാഹിബിന് തിരിച്ചുനൽകി.
അക്രമം നടത്തിയ സംഭവത്തിൽ കോളേജ് അധികൃതരുടെ പരാതിയിൽ പെരുമ്പടപ്പ് പോലീസ് കെഎസ്‌യു നേതാക്കളായ കണ്ണൻ നമ്പ്യാർ, റാഷിദ് പുതുപൊന്നാനി, സനീൻ സുബി എന്നിവർക്കെതിരേ കേസെടുത്തതിനെത്തുടർന്ന് മൂവരെയും ചൊവ്വാഴ്ച പൊന്നാനി മുൻസിഫ് കോടതി റിമാൻഡ്ചെയ്തു.
