Local newsTHAVANUR

“വിദ്വാൻ ഇസ്ഹാഖ് സാഹിബ്: കേരളത്തിൻ്റെ ദാരാഷുക്കോ”; എം എൽ എ കെ.ടി.ജലീൽ രചിച്ച പുസ്തകം പ്രകാശനം ചെയ്തു

മലയാളഭാഷയ്ക്കും സാഹിത്യത്തിനും അമൂല്യമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് വിദ്വാൻ എ ഇസ്ഹാഖ് സാഹിബ്. അദ്ദേഹത്തിൻ്റെ സാഹിത്യ-സാംസ്കാരിക സേവനങ്ങൾ പൊതുജന സമക്ഷത്തിൽ എത്തിക്കാനുള്ള എളിയ ശ്രമത്തിൻ്റെ ഭാഗമാണ് ഈ കൃതി. ശ്രീമദ് ഭഗവദ്‍ഗീതയും മനുസ്മൃതിയും മലയാളത്തിലേക്കു വിവർത്തനം ചെയ്ത ആദ്യ മുസ്ലിംപണ്ഡിതനെന്ന ഖ്യാതി ഇസ്ഹാഖ് സാഹിബിന് മാത്രം അവകാശപ്പെട്ടതാണ്. വേദങ്ങളും ഉപനിഷത്തുക്കളും സംസ്കൃതത്തിൽ നിന്ന് പേർഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റിയ മുഗള രാജകുമാരൻ ദാരാഷുക്കോവിനെപ്പോലെ. അതുകൊണ്ടാണ് കേരളത്തിൻ്റെ “ദാരാഷുക്കോ” എന്ന് വിദ്വാൻ ഇസ്ഹാഖ് സാഹിബിനെ വിശേഷിപ്പിക്കുന്നത്. മലയാളത്തിലെ ഉത്തമഗ്രന്ഥങ്ങളുടെ പട്ടികയിലാണ് ഇവയെല്ലാം ഉൾപ്പെടുന്നത്. എന്നാല്‍ എന്തുകൊണ്ടോ അർഹിക്കുന്ന പ്രാധാന്യം ഈ കൃതികൾക്ക് ലഭിക്കാതെപോയി.

അദ്ദേഹത്തിന്റെ രചനകളെ പഠന വിധേയമാക്കേണ്ടത് വർത്തമാന സാഹചര്യത്തിൽ പ്രസക്തമാണ്. പുതുതലമുറയിൽ പെടുന്ന കുട്ടികൾക്ക് ഇസ്ഹാഖ് സാഹിബിനെ പരിചയപ്പെടുത്താനുള്ള അവസരം ഉണ്ടാകണം. വിവിധ മതസമുദായങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും പടർത്താൻ സംഘടിതമായി ചില സാമൂഹ്യവിരുദ്ധ ശക്തികൾ ശ്രമങ്ങൾ നടത്തുന്ന കാലത്ത് പ്രത്യേകിച്ചും. വിദ്വാൻ ഇസ്ഹാഖ് സാഹിബിനെപ്പോലുള്ളവരുടെ ജീവിതം അത്തരം പ്രതിലോമ ചിന്തകളെ പ്രതിരോധിക്കാനുള്ള നല്ല കവചമാണ്. പ്രസ്തുത ലക്ഷ്യം മുൻനിർത്തി ഇസ്ഹാഖ് സാഹിബിൻ്റെ സുഹൃത്തുക്കൾ നിരവധി ഇടപെടലുകൾ നടത്തിയെങ്കിലും അവയൊന്നും വേണ്ടത്പോലെ ഫലം കണ്ടിട്ടില്ല. ഈ പുസ്തക രചന യാഥാർത്ഥ്യമാക്കാൻ തണലായവരെ നന്ദിപൂർവ്വം ഓർക്കുന്നു.

ഇസ്ഹാഖ് സാഹിബിന്റെ സേവനങ്ങളെ മനസ്സിലാക്കി, ഉടൻതന്നെ അദ്ദേഹത്തിന്റെ കൃതികളും ജീവിതവും സാഹിത്യ വൈഭവവും വരുംതലമുറകൾക്ക് പ്രയോജപ്പെടുത്താൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിദ്വാൻ സാഹിബിൻ്റെ ജീവിതം പാഠ്യപദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തുന്ന കാര്യം ബന്ധപ്പെട്ടവർ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് പ്രത്യാശിക്കാം.

ഇസ്ഹാഖ് സാഹിബ് വേദഗ്രന്ഥത്തിന് പരിഭാഷ എഴുതിയത് അലനല്ലൂരിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ താമസിക്കുന്ന കാലത്താണ്. അതിൻ്റെ ഇപ്പോഴത്തെ ഉടമയായ ശ്രീ കാലടി മുഹമ്മദിന്റെ മകൻ മുഹമ്മദലിയുടെ പിന്തുണ ഞാനീ സന്ദർഭത്തിൽ നന്ദിയോടെ ഓർക്കുന്നു. ആ കുടുംബം ഇപ്പോഴും ഇസ്ഹാഖ് സാഹിബിന്റെ ഓർമ്മകൾക്ക് നിറംപകരും വിധം ആ വീട് പഴമ നിലനിർത്തി സംരക്ഷിച്ച് നിർത്താൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. ഇതിനവർ അഭിനന്ദനമർഹിക്കുന്നു. വിദ്വാൻ ഇസ്ഹാഖ് സാഹിബിനെ കൈരളിക്ക് പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തിൻ്റെ രചനക്ക് ആവശ്യമായ വിവരങ്ങളെല്ലാം കൈമാറിയത് അദ്ദേഹത്തിൻ്റെ മൂത്തമകൻ എം.എ ഷാജഹാനാണ്. അദ്ദേഹത്തോടുള്ള കടപ്പാട് തീർത്താൽ തീരുന്നതല്ല.

പണ്ഡിത ശ്രേഷ്ഠനായ ഇസ്ഹാഖ് സാഹിബിന് നൽകാവുന്ന ഏറ്റവും വലിയ ആദരമാണ് ഈ ലഘുകൃതി. ഇതോടൊപ്പം അദ്ദേഹത്തിൻ്റെ ഗീതാ പരിഭാഷയുടെയും മനുസ്മൃതി പരിഭാഷയുടെയും ഈരണ്ട് അദ്ധ്യായങ്ങൾ അനുബന്ധമായി ചേർത്തിട്ടുണ്ട്. അധിക വായന ആഗ്രഹിക്കുന്നവർക്ക് മൂലഗ്രന്ഥം പ്രയോജനപ്പെടുത്താവുന്നതാണ്. തലമുറകള്‍ക്ക് അദ്ദേഹത്തെ തിരിച്ചറിയാനും മനസ്സിലാക്കാനും ”വിദ്വാൻ ഇസ്ഹാഖ് സാഹിബ്: കേരളത്തിൻ്റെ ദാരാഷുക്കോ” എന്ന പുസ്തകം ഉപകരിക്കുമെന്ന വിശ്വാസത്തോടെ,

സ്നേഹപൂർവ്വം
ഡോ:കെ.ടി.ജലീൽ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button