മാങ്ങ പറിക്കാൻ മാവില്‍ കയറിയ കൗമാരക്കാരനെ താഴയിറക്കിയത് ഫയര്‍ഫോഴ്സ്

സംഭവം നടന്നത് ചങ്ങരംകുളം പെരുമ്പാളില്‍
ചങ്ങരംകുളം: മാങ്ങ പറിക്കാന്‍ മാവില്‍ കയറി
കയ്യും കാലും തളര്‍ന്ന കൗമാരക്കാരനെ താഴെയിറക്കിയത് ഫയർ ഫോഴ്സ്. വെള്ളിയാഴ്ച ഉച്ചയോടെ ചങ്ങരംകുളത്തിനടത്ത് കല്ലുര്‍മ്മ പെരുമ്പാളിലാണ് സംഭവം നടന്നത്. വീട്ടുവളപ്പിലെ ഉയരമുള്ള മാവിൽ
കയറിയെങ്കിലും താഴെ ഇറങ്ങാനുള്ള മനോധൈര്യം നഷ്ടപ്പെടുകയായിരുന്നു. കയ്യും കാലും വിറക്കാന്‍ തുടങ്ങിയതോടെ താഴെയുള്ളവരോട് ബുദ്ധിമുട്ട് അറിയിക്കുകയും തുടര്‍ന്ന് നാട്ടുകാരിലൊരാള്‍ ഉടനെ മരത്തില്‍ കയറി മരത്തില്‍ സുരക്ഷിതമായി നിര്‍ത്തിയ ശേഷം ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പൊന്നാനിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി.
സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ മുഹമ്മദ് ഇഖ്ബാല്‍,ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ രാജീവ്,എന്നിവരും മറ്റു ടീം അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം താഴെയിറക്കുകയായിരുന്നു.
