ഡോക്ടറേറ്റ് വിവാദം: ഷാഹിദ കമാലിനോട് വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത കോടതി.
വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനോട് വിദ്യാഭ്യാസ രേഖകൾ ഹാജരാക്കാൻ ലോകായുക്ത കോടതി നിർദേശം. ഡോക്ടറേറ്റ് വിവാദത്തിലാണ് നടപടി. കേസിൽ സത്യസന്ധത പുലർത്തണമെന്നും കോടതി ആവശ്യപ്പെട്ടു.കേസ് വീണ്ടും ഡിസംബർ 9 ന് പരിഗണിക്കും. വ്യാജഡോക്ടറേറ്റുമായി ബന്ധപ്പെട്ട പരാതിയിൽ ലോകായുക്തയിൽ അവസാനമായ നൽകിയ വിശദീകരണത്തിലെ തിരുത്തിന് പിന്നാലെയാണ് നടപടി.വിയറ്റ്നാമിലെ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഡോക്‌ടറേറ്റ് ലഭിച്ചതെന്നായിരുന്നു ഷാഹിദ കമാൽ ആദ്യം അവകാശപ്പെട്ടിരുന്നത്. ആരോപണങ്ങൾക്ക് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പേരിലാണ് ഡോക്‌ടറേറ്റ് ലഭിച്ചതെന്നുo വനിത കമ്മീഷന്‍ അംഗം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വാദം തിരുത്തി, കസാഖിസ്ഥാൻ ആസ്ഥാനമായുള്ള ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് കോംപ്ളിമെന്ററി മെഡിസിനിൽ നിന്നാണ് ഡോക്‌ടേറ്റ് ലഭിച്ചത് എന്ന പുതിയ വാദമായിരുന്നു ഷാഹിദ കമാല്‍ നടത്തിയത്.
ബിരുദം ലഭിച്ചത് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നാണെന്നും ഷാഹിദ കമാല്‍ തിരുത്തിയിട്ടുണ്ട്. നേരത്തെ കേരള യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം ലഭിച്ചതെന്ന വാദമാണ് ഷാഹിത കമാൽ തിരുത്തിയത്. സത്യവാങ് മൂലത്തിൽ പിഴവ് പറ്റിയതായും ഷാഹിത കമാൽ ലോകായുക്ത കോടതിയെ അറിയിച്ചിരുന്നു. പല പ്രമുഖർക്കും പ്രസ്‌തുത സർവകലാശാലയിൽ നിന്ന് ഡോക്‌ടറേറ്റ് ലഭിക്കുന്നുണ്ടെന്നും, അത്തരമൊരു ഡോക്‌ടേറ്റ് സ്വീകരിക്കുന്നതിലോ, പേരിനൊപ്പം വയ‌്ക്കുന്നതിലോ തെറ്റില്ലെന്നും ഷാഹിദ കമാല്‍ വാദിച്ചിരുന്നു. വനിതാകമ്മിഷൻ അംഗമാകാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഷാഹിദ കമാൽ വ്യാജ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന ആരോപണം ഉന്നയിച്ച വട്ടപ്പാറ സ്വദേശിയുടെ പരാതിയിലാണ് കോടതി കേസ് പരിഗണിക്കുന്നത്.