പോത്തനൂർ ജി.യു.പി.എസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വ്യക്തിഗത മാസ്റ്റർ പ്ലാൻ തയ്യാറാക്കി
എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പുമായി പോത്തനൂർ ഗവ. യു.പി. സ്കൂൾ (ജി.യു.പി.എസ്). സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വ്യക്തിഗത മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം എടപ്പാൾ എ.ഇ.ഒ. ശ്രീമതി വി.വി.രമ നിർവഹിച്ചു.
ഓരോ വിദ്യാർത്ഥിയുടെയും
മികവുകളും പോരായ്മകളും പരിഗണിച്ചു കൊണ്ട് കുട്ടികളുടെ കഴിവുകൾ പരമാവധി വളർത്തുന്നതിനും പഠനത്തിൽ അവർ നേരിടുന്ന കുറവുകൾ പരിഹരിക്കുന്നതിനും ഉതകുന്ന രീതിയിൽ ഏറ്റവും മികച്ച പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.
വിദ്യാർത്ഥികളുടെ സമഗ്ര വികസനം ഉറപ്പാക്കുക, എല്ലാവർക്കും തുല്യമായ അവസരങ്ങൾ നൽകുക, അക്കാദമിക നിലവാരം ഉയർത്തുക എന്നിവയാണ് ഈ സംരംഭത്തിലൂടെ സ്കൂൾ ലക്ഷ്യമിടുന്നത്.
മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതിന്റെ ഭാഗമായി, ഓരോ കുട്ടിയുടെയും വിശദമായ പഠനനിലവാരവും വ്യക്തിഗത പദ്ധതിയും രക്ഷിതാക്കളുമായി ചർച്ച ചെയ്യുന്നതിനായി സ്കൂളിൽ ഏകദിന ക്ലാസ് പി.ടി.എ. സംഘടിപ്പിച്ചു. കുട്ടികളെക്കുറിച്ചുള്ള വിശദമായ ചർച്ചകൾക്ക് ഈ യോഗം വേദിയായി. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേർന്നുള്ള ഈ കൂട്ടായ പരിശ്രമം കുട്ടികളുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുമെന്നും വിദ്യാഭ്യാസ രംഗത്ത് മാതൃകയാക്കാവുന്ന ഒന്നാണെന്നും എ.ഇ.ഒ. ശ്രീമതി വി.വി. രമ പറഞ്ഞു.
സബ്ജില്ലാ കലാമേളയിലും ശാസ്ത്ര മേളയിലും മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥികൾക്കും വിവിധ പരീക്ഷകളിലെ വിജയികൾക്കും സമ്മാനദാനം നിർവഹിച്ചു.
എടപ്പാൾ ഉപജില്ലാ എൽ പി വിഭാഗം അറബിക്കലമേളയിൽ ഓവറോൾ മൂന്നാം സ്ഥാനം ലഭിച്ചതിനുള്ള പൂർവ്വ വിദ്യാർത്ഥികളുടെ ഉപഹാരം ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി.
പി.ടി.എ പ്രസിഡൻ്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ആർ.സി പ്രതിനിധി ഷമീം, എം.ടി.എ പ്രസിഡണ്ട് വിജിത , സ്റ്റാഫ് സെക്രട്ടറി കെ.എസ് ജോസഫ് ,എസ്.ആർ.ജി കൺവീനർ വി. പ്രജിഷ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
പ്രധാനാധ്യാപകൻ ടി.പി ഹംസ സ്വാഗതവും സിന്ധു വി.കെ നന്ദിയും പറഞ്ഞു.