ഷാനവാസിന്റെ ഓർമയിൽ നരണിപ്പുഴ ടൂറിസം പദ്ധതി യാഥാർഥ്യമാകും


എരമംഗലം : പച്ചവിരിച്ചുകിടക്കുന്ന പൊന്നാനി കോളും ഒഴുക്കുനിലയ്ക്കാത്ത നോറാടിത്തോടും പാലവും നരണിപ്പുഴയെ കൂടുതൽ സുന്ദരമാക്കുമ്പോൾ ടൂറിസം പദ്ധതിയിലൂടെ കൂടുതൽ തിളക്കം നൽകുകയാണ് സംസ്ഥാന സർക്കാർ. ”കരി’യിലൂടെ സിനിമാസംവിധാന രംഗത്തേക്കെത്തുകയും ‘സൂഫിയും സുജാതയും’ സിനിമയിലൂടെ നരണിപ്പുഴയെന്ന ഗ്രാമത്തെ ലോകമറിയിക്കുകയുംചെയ്ത നരണിപ്പുഴ ഷാനവാസിന്റെ ഓർമയിൽ നരണിപ്പുഴ ടൂറിസം പദ്ധതി യാഥാർഥ്യമാകും.പി. നന്ദകുമാർ എം.എൽ.എ.യുടെ നിരന്തരമായ ഇടപെടലിനെത്തുടർന്ന് നരണിപ്പുഴ ടൂറിസം പദ്ധതി യാഥാർഥ്യമാക്കുന്നതിനായി സംസ്ഥാന ധനവകുപ്പ് 50 ലക്ഷം രൂപയുടെ പ്രത്യേകാനുമതി നൽകി ഉത്തരവിറക്കി. മാർച്ച് 17-ന് എം.എൽ.എ. സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിനു നൽകിയ കത്തിനെത്തുടർന്നാണ് പദ്ധതിക്കായി തുക ചെലവഴിക്കാൻ പ്രത്യേകാനുമതി നൽകിയത്.നരണിപ്പുഴയുടെ ടൂറിസം സാധ്യതകളെ തിരിച്ചറിഞ്ഞ നിയമസഭാ മുൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണനാണ് 2019-20 സാമ്പത്തികവർഷത്തിൽ നരണിപ്പുഴ ടൂറിസം പദ്ധതിക്കായി ആസ്‌തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചത്.പിന്നീട് കോവിഡ് പ്രതിസന്ധിയും സർക്കാരിന്റെ സാമ്പത്തികഞെരുക്കവും കാരണമായി പദ്ധതിക്കായുള്ള തുക ചെലവഴിക്കാൻ ധനവകുപ്പ് അനുമതി നൽകാത്തതിനാൽ പദ്ധതി നിശ്ചലമായ അവസ്ഥയിലായിരുന്നു. നരണിപ്പുഴ ടൂറിസം പദ്ധതിക്കായി ഫണ്ട് അനുവദിച്ചിട്ടും പദ്ധതി എങ്ങുമെത്തിയില്ലെന്നതു സംബന്ധിച്ച് ‘നരണിപ്പുഴ കാത്തിരിക്കുന്നു വിനോദസഞ്ചാര കേന്ദ്രമാകാൻ’ എന്ന തലക്കെട്ടിൽ ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പരിസ്ഥിതിക്ക് കോട്ടംവരാത്ത രീതിയിൽ നരണിപ്പുഴ വിനോദസഞ്ചാരകേന്ദ്രമാക്കുകയാണു ലക്ഷ്യം. കലാ സാംസ്‌കാരിക പരിപാടികളുൾപ്പെടെ നടത്തുന്നതിനായുള്ള ഓപ്പൺസ്റ്റേജ്, ഇരിപ്പിടങ്ങൾ, കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നരണിപ്പുഴയുടെ തീരത്ത് ഒരുങ്ങും. ധനവകുപ്പിന്റെ പ്രത്യേകാനുമതി ലഭിച്ചതിനാൽ പദ്ധതി യാഥാർഥ്യമാക്കുന്നതിനാവശ്യമായ തുടർനടപടികളിലേക്കു നീങ്ങിയതായി പി. നന്ദകുമാർ എം.എൽ.എ. ‘മാതൃഭൂമി’യോട് പറഞ്ഞു.













