മലപ്പുറം ജില്ലയിൽ തിരഞ്ഞെടുപ്പ് നാൾ പടിവാതിലിലെത്തിയപ്പോൾ നാടെങ്ങും ആവേശക്കാഴ്ചകൾ
മലപ്പുറം :മലപ്പുറം ജില്ലയിൽ തിരഞ്ഞെടുപ്പ് നാൾ പടിവാതിലിലെത്തിയപ്പോൾ നാടെങ്ങും ആവേശക്കാഴ്ചകൾ.കൊട്ടിക്കലാശത്തിനും ബൈക്ക് റാലികൾക്കുമൊക്കെ വിലക്കായിരുന്നെങ്കിലും പ്രചാരണ ജാഥകളുമായി പ്രവർത്തകർ അങ്ങാടികളിലിറങ്ങി. വിലക്കിനുമുൻപേ പലയിടത്തും ബൈക്കുറാലികളും നടത്തിയിരുന്നു. വീടുകൾ കയറി പ്രകടനപത്രികൾ കൈമാറലും രണ്ടുദിവസങ്ങളായി തകൃതിയായിരുന്നു.
മലപ്പുറം ജില്ലയിലടക്കം പെൻഷൻ തുകയാണ് പ്രചാരണത്തിളക്കത്തിൽ മുൻനിരയിൽ നിൽക്കുന്നവയിലൊന്ന്. ക്ഷേമപെൻഷൻ തുക ക്രമമായി വർധിപ്പിച്ചത് ഇടതുമുന്നണി ചൂണ്ടിക്കാട്ടുന്നു. തുക 1500-ൽനിന്നും 2500 ലേക്കുയർത്തുമെന്ന ഇടതുമുന്നണി പ്രകടന പത്രികാവാദത്തെ 3000 കൊണ്ട് പ്രതികരിക്കുകയാണ് ഐക്യമുന്നണി. വീട്ടമ്മമാരുടേയും കുടുംബത്തിന്റേയുമൊക്കെ ക്ഷേമം ഊട്ടിയുറപ്പിക്കുന്ന പ്രകടനപത്രികകളാണ് എല്ലാവരുടേയും പ്രചാരണ വിഷയങ്ങൾ. തൊഴിലുറപ്പാക്കൽ, ചികിത്സാസൗകര്യങ്ങൾ, ആരോഗ്യ പരിരക്ഷ തുടങ്ങിയവയൊക്കെ ചൂടേറും ചർച്ചകളിലിടം നേടുന്നു.