Local newsPONNANI

മഴപ്പേടിയിൽ പൊന്നാനി;രണ്ടായിരത്തഞ്ഞൂറോളം വ്യാപാര സമുച്ചയങ്ങളും വീടുകളും വെള്ളപ്പൊക്ക ഭീഷണിയിൽ

പൊന്നാനി: നഗരഹൃദമായ ചമ്രവട്ടം ജങ്ഷൻ ഉൾപ്പെടെ അഞ്ചോളം വാർഡുകളിലെ രണ്ടായിരത്തഞ്ഞൂറോളം വീട്ടുകാരും വ്യാപാര സാമുച്ചയങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ. പൊന്നാനി നഗരസഭയിലെ ചമ്രവട്ടം ജങ്ഷനിലെ ആറ്, ഏഴ്, എട്ട്, ഒൻപത്, 20 വാർഡുകളിൽ താമസിക്കുന്ന പതിനയ്യായിരത്തോളം പേരാണ് മഴയെ ഭയന്ന് കഴിയുന്നത്. കഴിഞ്ഞദിവസം പെയ്ത മഴയിലും പ്രദേശത്തെ പല വീടുകളിലേക്കും വെള്ളമൊഴുകിയെത്തി.
ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായി തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതാണ് കാരണം. ചമ്രവട്ടം ജങ്ഷനിലെ വടക്ക് ഭാഗം സ്വീറ്റ് ഓവൻ ഡ്രെയ്‌നേജുവഴി മഴപെയ്താൽ ഒഴുകിയെത്തുന്ന വെള്ളവും, മറ്റിടങ്ങളിൽനിന്നുള്ള വെള്ളവും നീലൻതോട്ടിലേക്ക് ചേർന്ന് പുലിക്കക്കടവ് പുഴയിലേക്കാണ്‌ ഒഴുകിയെത്തിയിരുന്നത്. യാതൊരു തടസ്സവുമില്ലാതെ ഇതു വർഷങ്ങളായി ഒഴുകിപ്പോയിരുന്നതാണ്. എന്നാൽ ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി റോഡിൽനിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം ഒഴിഞ്ഞുപോകാനായി ഒരു ഡ്രെയ്‌നേജ് നിർമ്മിച്ചിട്ടുണ്ടെങ്കിലും അത് നേരത്തേ വെള്ളംപോയിരുന്ന ഡ്രെയ്‌നജുകളെക്കാൾ വളരെ ഉയരത്തിലാണ് നിർമ്മിച്ചത്. അതിനാൽ അഞ്ചു വാർഡുകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഈ ഡ്രെയ്‌നേജിലേക്ക് കടക്കാൻ പ്രയാസമാണ്.
ഇതേത്തുടർന്നാണ് കഴിഞ്ഞദിവസം രാത്രിയിൽപെയ്ത ഒറ്റ മഴയിൽ ഈഴുവതിരുത്തി മേഖലയിലെ വീടുകൾക്ക് മുൻപിൽ വെള്ളക്കെട്ടുണ്ടാകാൻ കാരണം. ഈ അഞ്ചു വാർഡുകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഒഴുകിപ്പോകാൻ ബദൽ സംവിധാനം ഉടൻ ആരംഭിക്കണമെന്ന് നഗരസഭാ കൗൺസിലർമാരും, ജനങ്ങളും ആവശ്യപ്പെട്ടു. മഴയ്ക്കുമുൻപ് ഇതിന് പരിഹാരംകണ്ടില്ലെങ്കിൽ ചമ്രവട്ടം ജങ്ഷനിൽ ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി നടക്കുന്ന മേൽപ്പാലം നിർമ്മാണം ജനങ്ങളെ സംഘടിപ്പിച്ചു തടയുമെന്ന് സി.പി.എം. കൗൺസിലർ പി.വി. ലത്തീഫ് ദേശീയപാതാ അധികൃതർക്ക് മുന്നറിയിപ്പ് നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button