പൊന്നാനി :ജില്ലയിലെ ആദ്യത്തെ മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ മന്ത്രി ഉദ്ഘാടനം ചെയ്തത്.നെഗറ്റീവ് പ്രഷർ സിസ്റ്റം ഉൾപ്പെടെയുള്ള ശിശു പരിചരണ വിഭാഗത്തിൽ 21 ബെഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.1 കോടി 18 ലക്ഷം രൂപ ചെലവിൽ നവജാത ശിശു പരിചരണ വിഭാഗവും, 45 ലക്ഷം രൂപ ചെലവിൽ എം.എൻ.സി.യുവും സജ്ജീകരിച്ചിട്ടുണ്ട്.നവജാത ശിശുക്കളുടെ പരിചണത്തില്‍ അമ്മമാരുടെ സാനിദ്ധ്യം ഉറപ്പാക്കികൊണ്ടുളള ചികിത്സാ പദ്ധതിയാണ് എം.എന്‍.സിയു. ആഗോളതലത്തില്‍ അംഗീകരിച്ചു കൊണ്ടിരിക്കുന്ന ആശയമാണിത്. മാതൃശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഏറെ കരുത്തു പകരുന്നതിന് ഇത് വഴി സാധിക്കുന്നു. മത്രമല്ല നവജാത ശിശുപരിചരണവും കരുതലും മുലയൂട്ടലും കൂടുതല്‍ ശക്തമാകുന്നു. ഇതിലൂടെ കുഞ്ഞിന്റെ വേഗത്തിലുളള രോഗമുക്തിയും കുറഞ്ഞ ആശുപത്രി വാസവും ഉറപ്പാക്കുന്നതിന് സാധിക്കുന്നു. കുഞ്ഞ് സാധാരണ നിലയിലാണെങ്കില്‍, അമ്മയും കുഞ്ഞും പ്രസവാനന്തര വാര്‍ഡില്‍ ഒരുമിച്ച് കഴിയുന്ന തരത്തിലാണ് നിലവിലെ അമ്മയ്ക്കും നവജാതശിശു സംരക്ഷണ സേവനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കുഞ്ഞിന് അസുഖമോ ജനനഭാരം കുറവോ ആണെങ്കില്‍, അവരെ അമ്മയില്‍ നിന്ന് മാറ്റി പ്രത്യേകം തയ്യാറാക്കിയ നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ ചികിത്സ നല്‍കുകയും ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ കുഞ്ഞിനെ അമ്മയ്ക്ക് എസ്.എന്‍.സിയുവില്‍ സന്ദര്‍ശിക്കാന്‍ സാധിക്കുകയുളളൂ. എന്നാല്‍ എം.എന്‍.സിയുവില്‍ അമ്മമാര്‍ക്ക് നവജാത ശിശുക്കള്‍ക്കൊപ്പം കഴിയുന്നതിനും കംഗാരുകെയര്‍ അത്തരം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതിനും സാധിക്കും. കൂടാതെ പേവിഷബാധ ചികിത്സ മുറിയും മന്ത്രി ഉദ്ഘാടനം ചെയ്തു.പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ജില്ല കലക്ടർ പ്രേംകുമാർ, ജില്ല മെഡിക്കൽ ഓഫീസർ ആർ.രേണുക, ഡോ.പി.കെ അനൂപ് ,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഇ.സിന്ധു, ഡോ.പി.കെ ആശ,മറ്റു തദ്ദേശ സ്ഥാപന അധ്യക്ഷൻ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു