പി.സരിന് വിജ്ഞാനകേരളം ഉപദേശകന്‍; 80,000 രൂപ മാസ ശമ്പളത്തില്‍ സര്‍ക്കാര്‍ നിയമനം
`കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി.സരിന് വിജ്ഞാനകേരളം ഉപദേശകനായി നിയമനം. 80,000 രൂപയാണ് മാസശമ്പളം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് സിപിഎമ്മിന്‍റെ ഈ നീക്കം. പ്രതിസന്ധിഘട്ടത്തില്‍ സഹായവുമായെത്തിയവരെ കൈവിടില്ലെന്ന സന്ദേശം കൂടി നല്‍കുകയാണ് ഈ നീക്കത്തിന് പിന്നില്‍ എന്നു കരുതുന്നു .
അതിനാല്‍ തന്നെയാണ് നിര്‍ണായകമായൊരു പദവിയില്‍ സരിന് നല്‍കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പ്രതിസന്ധിഘട്ടത്തിൽ എത്തിയ സരിനെ ഇത്തരത്തില്‍ ചേർത്തുനിർത്തുകയാണ് സിപിഎം. പാർട്ടി നേതൃത്വത്തിനിടയിൽ ഇത് സംബന്ധിച്ച ധാരണയായിരുന്നു.
മുഖ്യമന്ത്രിയുമായും പി.സരിൻ ആശയവിനിമയം നടത്തിയതായാണ് സൂചന. സിവിൽ സർവീസിൽ നിന്നും രാഷ്ട്രീയത്തിൽ എത്തിയ സരിന്റെ കഴിവ് പ്രയോജനപ്പെടുത്താൻ ആണ് സിപിഎം തീരുമാനം. കെപിസിസിയുടെ ഡിജിറ്റൽ മീഡിയയുടെ ചുമതലമുണ്ടായിരുന്ന സരിന് സർക്കാരിന്റെ അഭിമാന പദ്ധതികളെ മുന്നോട്ടു നയിക്കാൻ കഴിയുമെന്നാണ് സർക്കാർ വിശ്വാസം.