പാന്‍റിനുള്ളിൽ സ്വർണമിശ്രിതം തേച്ച് പിടിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ യാത്രക്കാരൻ പിടിയിൽ


മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. പാന്‍റിനുള്ളില്‍ സ്വര്‍ണം മിശ്രിത രൂപത്തില്‍ തേച്ച് പിടിപ്പിച്ച് കടത്തിക്കൊണ്ട് വന്ന യാത്രക്കാരനാണ് പൊലീസിന്‍റെ പിടിയില്‍. ഒരു കിലോയോളം സ്വര്‍ണമാണ് ഇയാള്‍ പാന്‍റിനുള്ളില്‍ തേച്ചുപിടിപ്പിച്ച് കടത്തിയത്. കണ്ണൂര്‍ സ്വദേശി കെ ഇസ്സുദ്ദീനാണ് പിടിയിലായത്.
സ്വര്‍ണം കടത്താന്‍ പണി പതിനെട്ടും പയറ്റുകയാണ് കാരിയര്‍മാര്‍. അബുദാബിയില്‍ നിന്നും വരുന്ന യാത്രക്കാരന്‍ ഇസ്സുദ്ദീന്‍ സ്വര്‍ണം കടത്തുന്നെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. വിമാത്താവളത്തിനകത്ത് നടത്തിയ കസ്റ്റംസ് പരിശോധനയില്‍ നിന്നും രക്ഷപ്പെട്ട ഇയാള്‍ പക്ഷെ പുറത്ത് പൊലീസ് പിടിയിലായി. വിശദ പരിശോധനയിലാണ് വസ്ത്രത്തിന്‍റെ അടിയില്‍ സ്വര്‍ണം മിശ്രിതമാക്കി ഒളിപ്പിച്ചത് മനസിലാകുന്നത്. തുടര്‍ന്ന് വസ്ത്രം കീറി പരിശോധിച്ചു. വസ്ത്രവും സ്വര്‍ണ്ണമിശ്രിതവും കൂടി ഒന്നരക്കിലോയോളം തൂക്കമുണ്ട്.
പിടികൂടിയ സ്വര്‍ണ മിശ്രിതം ഒരു കിലോയോളം വരും. ആദ്യമായിട്ടാണ് വസ്ത്രത്തിനുള്ളില്‍ തേച്ചുപിടിപ്പിച്ച് കൊണ്ടുവരുന്ന സ്വര്‍ണം കരിപ്പൂരില്‍ പൊലീസ് പിടികൂടുന്നത്. കസ്റ്റംസ് മുമ്പ് ഇത്തരമൊരു കേസ് പിടികൂടിയിട്ടുണ്ട്. കരിപ്പൂരില്‍ ഒന്നര വര്‍ഷത്തിനിടെ പൊലീസ് പിടികൂടുന്ന അമ്പത്തി മൂന്നാമത്തെ സ്വര്‍ണ്ണക്കടത്ത് സംഭവമാണിത്.
അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവള ജീവനക്കാര്‍ സ്വര്‍ണം കടത്തുകയും കടത്തിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നത് പതിവാകുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങളും കരിപ്പൂരില്‍ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. സ്വര്‍ണ കടത്തുകാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം അപഹരിക്കുകയും ജീവന് വരെ ഭീഷണിയാകുന്ന സംഭവങ്ങളും പതിവായിരിക്കുകയാണ്.
