പൊന്നാനി മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ നാഥനില്ലാതായിട്ട് നാല് മാസം
June 4, 2023
നൂറുകണക്കിന് ആളുകൾ ദിനംപ്രതി ആശ്രയിക്കുന്ന പൊന്നാനി ജോയിന്റ് ആർ. ടി.ഒ ഓഫീസിൽ ജോയിന്റ് ആർ. ടി.ഒ ഇല്ലാത്തത് പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നു. ജോയിന്റ് ആർ. ടി.ഒയുടെ അഭാവം മൂലം വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് യഥാസമയം സേവനങ്ങൾ ലഭിക്കാനും കാലതാമസം നേരിടുകയാണ്. നാലുമാസം മുമ്പ് ജോയിന്റ് ആർ. ടി.ഒ ശങ്കരൻപിള്ളയെ തിരൂരിലേക്ക് മാറ്റിയതോടെ പകരം ആളെത്താത്തതാണ് പ്രവർത്തനങ്ങൾ താളം തെറ്റിച്ചത്. നിലവിൽ എം. വി.ഐ ജസ്റ്റിൻ മാളിയേക്കലിന് ജോയന്റ് ആർ.ടി.ഒയുടെ അധിക ചുമതല നൽകുകയായിരുന്നു. ആർ.സി,പെർമിറ്റ് ലൈസൻസ് എന്നിവ അനുവദിക്കേണ്ട ചുമതല ജോയിന്റ് ആർ.ടി. ഒയ്ക്കാണ്. എന്നാൽ എം. വി.ഐക്ക് അധിക ചുമതല നൽകിയതോടെ വാഹന പരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മന്ദഗതിയിലായി. ഒരു ജോയിന്റ് ആർ.ടി.ഒ, രണ്ട് എം.വി.ഐ, നാല് എ. എം. വി. ഐ എന്നിവർ ആവശ്യമുള്ളിടത്ത് ഒരു എം. വി.ഐയുടെയും രണ്ട് എ.എം. വി ഐമാരുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെയുണ്ടായിരുന്നവരെ ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലേക്ക് മാസങ്ങൾക്കു മുൻപ് സ്ഥലം മാറ്റിയിരുന്നു. ഇതുവരെ പുതിയ നിയമനം ആവാത്തതാണ് പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആവാൻ ഇടയാക്കിയത്.