ദിലീപ് ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തി; ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടരും.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി.
ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞ മൊഴികളിൽ വൈരുദ്ധ്യമുള്ളതായാണ് റിപ്പോർട്ട്. മൊഴിയിലെ വൈരുധ്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും ക്രൈം ബ്രാഞ്ചിൻ്റെ ഇന്നത്തെ ചോദ്യം ചെയ്യൽ. പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ അടക്കം പരിശോധിച്ച് പ്രതികളെ ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യും. ദിലീപിൻ്റെ സഹോദരി ഭർത്താവ് സൂരജിൽ നിന്ന് കൂടുതൽ മൊഴി വിവരങ്ങൾ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സുരാജ് നടത്തിയ പണം ഇടപാടുകൾ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലും ഇന്ന് ഉണ്ടാകും.
അതേസമയം, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിനെതിരെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സുരാജ് പണം കൈമാറിയതിൻ്റെ തെളിവുകളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ദിലീപിൻ്റെ സഹോദരി ഭർത്താവ് സുരാജിൻ്റെ പണം ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. സാക്ഷികളെ സ്വാധീനിക്കാൻ സുരാജ് വഴി പണം നൽകിയതായിയാണ് കണ്ടെത്തൽ.
ഡിജിറ്റൽ പണം ഇടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രമുഖ അഭിഭാഷകൻ വഴിയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ ഇന്നലെ പതിനൊന്ന് മണിക്കൂറാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയതായി ദിലീപ് ക്രൈംബ്രാഞ്ചിന് മുന്നിൽ ആദ്യഘട്ടത്തിൽ തന്നെ മൊഴി നൽകി.
ബാലചന്ദ്രകുമാറിന് 10 ലക്ഷം രൂപ നല്‍കിയെന്നാണ് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. ബാലചന്ദ്രകുമാറിന് വിശ്വാസ്യതയില്ലെന്ന് ദിലീപ് പൊലീസിനോട് പറഞ്ഞു. ബാലചന്ദ്രകുമാറുമായി നടത്തിയ വാട്‌സ്ആപ് ചാറ്റിന്റെ പകര്‍പ്പ് പ്രതിരോധമാക്കിയാണ് ദിലീപിന്റെ മൊഴി. വോയ്‌സ് ക്ലിപ്പുകളില്‍ കൃത്രിമം നടന്നുവെന്നും ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിയെന്ന് പറഞ്ഞാണ് ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടത്. ദിലീപ് ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ അഭിനയിക്കാമെന്ന ആവശ്യം നിരസിച്ചതും ശത്രുതയ്ക്ക് കാരണമായെന്നും ദിലീപ് ആരോപിക്കുന്നു.
എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ പ്രതികളെ വേർതിരിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിലെ ചോദ്യം ചെയ്യലിൽ എഡിജിപി എസ്.ശ്രീജിത്തും ഐജി ഗോപേഷ് അഗർവാളും പങ്കെടുത്തു. ഗൂഢാലോചന കേസിൽ സത്യം പുറത്തുകൊണ്ടുവരുമെന്നും മൊഴി പരിശോധിച്ച ശേഷം തുടർ നടപടികളെടുക്കുമെന്നും എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ദിലീപിനൊപ്പം അപ്പു, ബൈജു ചെങ്ങമനാട്, അനൂപ്, സുരാജ് എന്നിവരാണ് മറ്റുപ്രതികള്‍. ചോദ്യം ചെയ്യല്‍ നടപടി ക്രമങ്ങള്‍ പൂര്‍ണമായും അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്യും.
ഇന്നലെ രാത്രി 8 മണിവരെയാണ് ദിലീപിനെ ചോദ്യം ചെയ്തത്. കോടതി വിധി പ്രകാരം രാവിലെ 9 മണി മുതൽ രാത്രി എട്ട് മണിവരെയായിരുന്നു ദിലീപിനെ ചോദ്യം ചെയ്യാൻ അനുമതിയുണ്ടായിരുന്നത്. ദിലീപിനെ വിട്ടയച്ചതിന് പിന്നാലെ പൊലീസ് വിഡിയോ കോൺഫറൻസിലൂടെ അവലോകന യോഗം ചേർന്നു. പ്രതികൾ പറഞ്ഞ മൊഴികൾ ഒത്തുനോക്കുക ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നടന്നത്. ചോദ്യാവലിയിലെ എല്ലാ ചോദ്യങ്ങൾക്കും പ്രതികൾ മറുപടി നൽകിയെന്നാണ് വിവരം. എന്നാൽ ഉത്തരങ്ങളിലെ വിശ്വാസ്യത പൊലീസ് പരിശേധിക്കും.
കോടതിയിൽ ദിലീപ് നൽകിയ കൗണ്ടർ പെറ്റീഷന്റെ അതേ ഭാഷയിലായിരുന്നു ബാലചന്ദ്രകുമാറിനെ കുറിച്ച് ദിലീപ് പൊലീസിനോടും പറഞ്ഞത്. ബാലചന്ദ്രകുമാറിനെ കുറിച്ച് ദിലീപ് പറഞ്ഞത് മുഴുവൻ പൊലീസ് വിശ്വാസ്യത്തിലെടുത്തിട്ടില്ല എന്നതാണ് ലഭ്യമാകുന്ന റിപ്പോർട്ട്.
