താനൂർ ബോട്ട് ദുരന്തം; അന്വേഷണ സംഘത്തിനെതിരെ യൂത്ത് ലീഗ്
താനൂർ: താനൂർ ബോട്ട് ദുരന്തത്തിൽ അറ്റ്ലാന്റിക് ബോട്ടിന് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ബോട്ടിന്റെ രജിസ്ട്രേഷൻ ലഭ്യമാക്കുന്നതിന് സഹായിച്ച മാരിടൈം സി.ഇ.ഒ ക്കെതിരെയും ഉന്നത രാഷ്ട്രീയ നേതൃത്വത്തിനെതിരെയും നടപടിയെടുക്കാത്ത അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി നീതികേടും പ്രതിഷേധാർഹവുമാണെന്ന് താനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പറഞ്ഞു. മാരിടൈം സി.ഇ.ഒ അയച്ച കത്തുകൾ പുറത്ത് വന്നിരുന്നു. സി.ഇ.ഒയെ അറസ്റ്റ് ചെയ്താൽ ഭരണ കക്ഷിയിലെ ഉന്നതരുടെ പേര് പറയുമെന്ന ഭയപ്പാട് കൊണ്ടാണ് മാരിടൈം സി.ഇ.ഒക്കെതിരെ നടപടി എടുക്കാത്തതെന്നും മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു. തുറമുഖ വകുപ്പിലെ രണ്ട് ചെറിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് കണ്ണിൽ പൊടിയിടാനുള്ള ശ്രമം വിലപ്പോവില്ല.
മുഴുവൻ പേരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ലീഗ് രണ്ടാം ഘട്ട പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കും. അന്വേഷണ ഉദ്യോഗസ്ഥർ നീതിപൂർവകമായ അന്വേഷണം നടത്തണമെന്നും ആരോപണ വിധേയരായ ഉന്നതരുടെ ഫോൺ കോളുകൾ പരിശോധിക്കണമെന്നും യൂത്ത് ലീഗ് ഭാരവാഹികൾ ആവശ്യപ്പെട്ടു. നൗഷാദ് പറപ്പൂത്തടം അധ്യക്ഷത വഹിച്ചു. ഉവൈസ് കുണ്ടുങ്ങൽ, ടി.നിയാസ്, പി.അയൂബ്, സമീർ ചിന്നൻ, എ.പി.സൈതലവി, സൈതലവി തൊട്ടിയിൽ, സിറാജ് കാളാട്, പി.കെ. ഇസ്മയിൽ എന്നിവർ സംസാരിച്ചു.