താനൂര്‍ ബോട്ടപകടം: ജീവിതത്തിലേയ്ക്ക് കരകയറാനാവാതെ ഇനിയും രണ്ട് പിഞ്ചോമനകള്‍


പരപ്പനങ്ങാടി: താനൂർ ബോട്ടപകടം നടന്ന് രണ്ടുമാസം പിന്നിടുമ്പോൾ രണ്ട് കുഞ്ഞുജീവിതങ്ങൾ വേദനയുടെ നേർസാക്ഷ്യമാവുന്നു. അപകടത്തിൽനിന്ന് കരകയറിയ പറക്കമുറ്റാത്ത രണ്ടുജീവനുകൾ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതും കൊതിച്ച് രക്ഷിതാക്കൾ ആശുപത്രികൾ കയറിയിറങ്ങുകയാണ്. ഒരുവയസ്സ് പിന്നിട്ട അയിശ മെഹ്റിന്റെ ചുണ്ടിൽ പഴയ പുഞ്ചിരി വിരിഞ്ഞുകാണാൻ മാതാപിതാക്കളായ കുന്നുമ്മൽ നുസ്രത്തും മൻസൂറും ചികിത്സ തുടരുകയാണ്. ഒരു പതിറ്റാണ്ടിലേറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് അയിശ മെഹ്റിൻ പിറന്നത്.
അപകടശേഷം ചികിത്സക്ക് പല കോണിൽനിന്നും വാഗ്ദാനങ്ങളുണ്ടായിരുന്നെങ്കിലും സ്വകാര്യ ആശുപത്രികളെല്ലാം ധിറുതിപിടിച്ച് തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വീട്ടിലേക്കയച്ചു. നിരന്തരമായ ഫിസിയോതെറപ്പിയിലൂടെ പഴയ അവസ്ഥയിലേക്ക് തിരിച്ചുവരുമെന്ന വിദഗ്ധ ഉപദേശം കേട്ട കുടുംബം കുഞ്ഞുമോെളയുംകൊണ്ട് ഒന്നിടവിട്ട ദിവസങ്ങളിൽ സ്വന്തം ചെലവിൽ ഫിസിയോതെറപ്പി ചെയ്തുവരുകയാണ്.
അപകടത്തിൽ ഉമ്മയും സഹോദരനും നഷ്ടപ്പെട്ട അഞ്ചാം ക്ലാസുകാരി കുന്നുമ്മൽ ജർഷമോളുടെ ജീവൻ തിരിച്ചുകിട്ടിയെങ്കിലും ജീവിതമാകെ താളം തെറ്റിയിരിക്കുകയാണ്. അപകടത്തിന് മുമ്പ് ഒരുവിധ ശാരീരിക-മാനസിക വൈകല്യവുമില്ലാത്ത കുട്ടിയുടെ അവസ്ഥ ഇപ്പോൾ ഭിന്നശേഷിക്കാർക്ക് സമാനമാണ്. തിരൂരിലെ ബി.ആർ.സി ആശുപത്രിയുടെ സൗജന്യ ചികിത്സയിലാണിപ്പോൾ ജർഷ മോൾ. അഞ്ചാം ക്ലാസിലേക്ക് വിജയിച്ച കുട്ടിയുടെ പഠനവും പാതിവഴിയിൽ മുടങ്ങി.
ജോലിയിലിരിക്കെ അപകടത്തിൽ മരിച്ച സിവിൽ പൊലീസ് ഓഫിസർ സ്വബ്റുദ്ദീന്റെ ആശ്രിതർക്ക് സർക്കാർ ജോലി ലഭ്യമാക്കുന്നതുൾെപ്പടെയുള്ള കാര്യങ്ങളിൽ വേഗമുണ്ടാകണമെന്ന് കരുതുന്നതായി സ്റ്റേഷൻ ഓഫിസർ കെ.ജെ. ജിനേഷ് പറഞ്ഞു. അപകടത്തിൽ മരിച്ച ആയിശ ബീവിയുടെയും മൂന്നു മക്കളുടെയും ഓർമകളിൽ ചെട്ടിപ്പടി ഗ്രാമത്തിന്റെ തേങ്ങലടങ്ങിയിട്ടില്ല. അവശേഷിച്ച രണ്ടുമക്കൾ പിതാവ് വി.കെ. സൈനുദ്ദീന്റെയും കുടുംബത്തിന്റെയും സംരക്ഷണത്തിലാണിപ്പോൾ. ഇവർക്ക് വീട് അനുവദിക്കാൻ വിവിധ വാതിലുകൾ മുട്ടിയെങ്കിലും അധികൃതർ കനിഞ്ഞിട്ടില്ല. കുന്നുമ്മൽ കുടുംബത്തിലെ രണ്ടു സഹോദരങ്ങൾക്ക് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി വാഗ്ദാനം ചെയ്ത രണ്ടു വീടുകളുടെ നിർമാണം ഉടൻ തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്.
