തവനൂർ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ഇന്ന്
കുറ്റിപ്പുറം: തവനൂർ സെന്‍ട്രല്‍ ജയില്‍ ഞായറാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്ക് രാവിലെ 11 മുതൽ നാലുവരെ ജയിൽ കാണാം. നേരത്തേ രാവിലെ ഒമ്പതു മുതൽ 10 വരെ എന്നായിരുന്നു അറിയിച്ചിരുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം കഴിഞ്ഞുപോകുന്നതു വരെ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ സെന്‍ട്രല്‍ ജയിലാണിത്. തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിന് കീഴിലുള്ള 8.62 ഏക്കര്‍ ഭൂമിയില്‍ മൂന്നു നിലകളിലായി നിര്‍മാണം പൂര്‍ത്തീകരിച്ചാണ് ജയില്‍ ഉദ്ഘാടനത്തിന് ഒരുക്കിയത്. 35 കോടിയോളം രൂപ ചെലവഴിച്ചാണ് സെന്‍ട്രല്‍ ജയിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആദ്യം ജില്ല ജയിലായി നിര്‍മാണം തുടങ്ങിയെങ്കിലും പിന്നീട് സെന്‍ട്രല്‍ ജയിലാക്കി ഉയര്‍ത്തുകയായിരുന്നു. 706 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
രാജ്യം സ്വതന്ത്രമായ ശേഷം സംസ്ഥാന സര്‍ക്കാര്‍ നിർമിക്കുന്ന ആദ്യ ജയിലാണ് തവനൂര്‍ സെൻട്രല്‍ ജയില്‍.
നിലവില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്ന ജയിലുകളെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് നിർമിക്കപ്പെട്ടവയാണ്.
ആറു മാസം തടവിന് ശിക്ഷിക്കപ്പട്ടവർ മുതല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ വരെ സെന്‍ട്രല്‍ ജയിലില്‍ തടവിലിടും. ഒറ്റ മുറിയില്‍ 17 പേര്‍ക്കുവരെ ഒരുമിച്ച് താമസിക്കാന്‍ പറ്റുന്ന 30 ബ്ലോക്കുകളാണ് ഇവിടെയുള്ളത്. ഓരോ ബ്ലോക്കിലും ഒരു ശുചിമുറിയും ഒരു വാഷ്ബേസിനും ഉണ്ട്.
510 തടവുകാരെ വരെ ഇത്തരം ബ്ലോക്കുകളില്‍ പാര്‍പ്പിക്കാന്‍ കഴിയും. മറ്റു ജയില്‍ മുറികള്‍ താരതമ്യേന ചെറുതാണ്. ഇത്തരം തടവു മുറികളിലെ കുറ്റവാളികളുടെ എണ്ണം കുറവായിരിക്കും. വധശിക്ഷ വിധിക്കപ്പെടുന്ന കുറ്റവാളികളെ താമസിപ്പിക്കാന്‍ പ്രത്യേകം സെല്ലുകളുണ്ട്.