തദ്ദേശസ്ഥാപനങ്ങളുടെ സേവനം പൂർണമായും ഓൺലൈനാക്കും:മന്ത്രി എം.ബി. രാജേഷ്


കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഈ വർഷം പൂർണമായും ഓൺലൈൻ ആക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ലെൻസ്ഫെഡിന്റെ ആഭിമുഖ്യത്തിൽ കെട്ടിട നിർമ്മാണ ചട്ടഭേദഗതികളും ഓൺലൈൻ പ്ലാൻസ് സമർപ്പണവും എന്ന വിഷയത്തെക്കുറിച്ചുള്ള ശില്പശാലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിട നിർമ്മാണ ചട്ടങ്ങൾ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സർക്കാർ തുടങ്ങി കഴിഞ്ഞു. ഇതിനായി എല്ലാ വിഭാഗം ആൾക്കാരിൽ നിന്നും അഭിപ്രായങ്ങൾ തേടും.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും സോഫ്റ്റ്‌വെയർ ഏകീകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു.
സമയബന്ധിതമായും കാര്യക്ഷമമായും കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തും. ഇതിനായി സെൽഫ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കും. ഇതോടെ ഓൺലൈൻ ആയിത്തന്നെ പ്ലാൻ സമർപ്പിക്കാനും ഓൺലൈനായി തന്നെ കാലതാമസം ഇല്ലാതെ പെർമിറ്റ് ലഭ്യമാക്കാനും സാധിക്കും. അതിനുവേണ്ടി ഫീസ് ഘടനയിൽ കാലോചിതമായ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.
