ചെല്ലൂർകുന്നിനെ മറ്റൊരു ബ്രഹ്മപുരമാക്കാൻ അനുവദിക്കില്ല
April 9, 2023
കുറ്റിപ്പുറം: പഞ്ചായത്തിലെ ചെല്ലൂർകുന്നിൽ മാലിന്യം തള്ളി മറ്റൊരു ബ്രഹ്മപുരമാക്കാനുള്ള സമൂഹവിരുദ്ധരുടെ നീക്കം നേരിടാൻ നാട്ടുകാരുടെ യോഗം തീരുമാനിച്ചു. ഇവിടുത്തെ ചെങ്കൽ ക്വാറിയിൽ തള്ളിയ ആശുപത്രിമാലിന്യങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് തീപിടിച്ചത് മൂന്നു ദിവസമാണ് മേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കിയത്. നടുവട്ടം വില്ലേജിലെ മിച്ചഭൂമിയായ 56 ഏക്കർ വരുന്ന ചെല്ലൂർകുന്നിൽ നടക്കുന്ന സമൂഹദ്രോഹ നടപടികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ട ബാധ്യത വില്ലേജ് ഓഫീസർക്കുണ്ടെന്നും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ വിവിധ കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ കൊണ്ടുവന്നിടുന്നതും ചെല്ലൂർകുന്നിലാണെന്നും യോഗം ആരോപിച്ചു. ചെല്ലൂർകുന്ന് സംരക്ഷണം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകാനും അനുകൂല സമീപനം ഇല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ധീഖ് പരപ്പാറ അധ്യക്ഷനായി. ബ്ളോക്കംഗം കെ.ഇ. സഹീർ, പഞ്ചായത്ത് അംഗം സാബാ കരീം, വകയിൽ ഫിറോസ്, ടി.പി. ഷംസുദീൻ, ടി.കെ. ഷംസാദ്, ടി. ഷമീർ, കെ.പി. ശ്രീജിത് തുടങ്ങിയവർ പ്രസംഗിച്ചു.