ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിൽ കലാസന്ധ്യയ്ക്ക് തിരിതെളിഞ്ഞു
കൂറ്റനാട്: ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 1ന് നടക്കുന്ന പൂരാഘോഷത്തിന്റെ ഭാഗമായി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാല് ദിവസം നീണ്ടുനിൽക്കുന്ന കലാസന്ധ്യയ്ക്ക് തുടക്കമായി.പൂമുള്ളി നാരായണൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നടൻ ഗോവിന്ദ് പത്മസൂര്യയും ഭാര്യയും നടിയുമായ ഗോപിക അനിൽയും വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു, വാർഡ് മെമ്പർ സജീഷ് കളത്തിൽ, ക്ഷേത്ര ഊരാളന്മാരായ കോട്ടൂർ വാസുദേവൻ നമ്പൂതിരി, താത്താണത്ത് നാരായൺ നമ്പൂതിരി, വേങ്ങാട്ടൂർ നാരായണൻ നമ്പൂതിരി, സമിതി ജനറൽ സെക്രട്ടറി കെ.വി. വരുൺ പ്രസാദ്, പ്രോഗ്രാം കോർഡിനേറ്റർ സന്ധ്യാ ചക്രവർത്തി എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.ഇന്ന് നടക്കുന്ന കലാസന്ധ്യയിൽ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യാതിഥിയായിരിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മുപ്പതോളം ഇനങ്ങൾ കലാസന്ധ്യയിൽ അവതരിപ്പിക്കും.
26ന് രാത്രി 7 മണിക്ക് ഗ്രൗണ്ടിൽ 11 ടീമുകൾ പങ്കെടുക്കുന്ന മെഗാ വീരനാട്യം അരങ്ങേറും. 28ന് രാത്രി 8 മണിക്ക് നടപ്പന്തലിൽ മേളപ്രമാണി ചൊവ്വല്ലൂർ മോഹനൻ നായരുടെ നേതൃത്വത്തിൽ അമ്പതിലധികം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളവും നടക്കും.