ചാലക്കുടി ഫെഡറല്‍ ബാങ്ക് കവര്‍ച്ച: പ്രതി എങ്ങോട്ട് പോയെന്ന് എത്തും പിടിയുമില്ലാതെ പോലീസ്; ജീവനക്കാര്‍ സംശയത്തിന്റെ നിഴലില്‍; അടിയന്തര യോഗം ചേര്‍ന്ന് പ്രത്യേക അന്വേഷണ സംഘം

തൃശ്ശൂർ: ചാലക്കുടി ഫെഡറല്‍ ബാങ്ക് ബ്രാഞ്ചില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ കവർന്ന പ്രതി എങ്ങോട്ട് പോയെന്ന് എത്തും പിടിയുമില്ലാതെ പോലീസ്.തൃശ്ശൂർ വരെ പ്രതി ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവിടെനിന്ന് പ്രതി എങ്ങോട്ട് പോയെന്ന് പൊലീസിന് സൂചനകളില്ല. പ്രതി സഞ്ചരിച്ച വാഹനം കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. വടക്കൻ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുന്നത്. മലപ്പുറത്തേക്കോ പാലക്കാടേക്കോ പ്രതി കടന്നിരിക്കാൻ സാധ്യതയുണ്ട്. പാലക്കാടേക്കെത്തിയാല്‍ സംസ്ഥാനം വിടാനുള്ള സാധ്യതയുമുണ്ട്.
സൂചനകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് അടിയന്തര യോഗം ചേരും. ജീവനക്കാരും സംശയത്തിന്റെ നിഴലിലാണ്. കാരണം പ്രതിയെ മോഷണത്തില്‍ നിന്ന് തടയാനുള്ള കാര്യമായ ശ്രമങ്ങള്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് പോലീസ് പറയുന്നു.ബാങ്കില്‍ തിരക്ക് കുറഞ്ഞിരുന്ന സമയം മോഷ്ടാവ് തെരഞ്ഞെടുത്തതിലും ജീവനക്കാർക്ക് പങ്കുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ജീവനക്കാരുടെ വിവരങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. ഇന്ന് അവരുടെ സി ഡി ആർ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ജീവനക്കാരെ ശുചിമുറിയില്‍ പൂട്ടിയിട്ടാണ് കവർച്ച നടത്തിയത്.
പ്രതി പണം ആവശ്യപ്പെട്ടത് ഹിന്ദിയിലാണ് എന്നാണ് ജീവനക്കാർ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ അന്യസംസ്ഥാനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണോ ഇത്തരത്തില്‍ ഹിന്ദി സംസാരിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്. നമ്ബര്‍ പ്ലേറ്റ് മറച്ച സ്‌കൂട്ടറില്‍ ഹെല്‍മറ്റ്, ജാക്കറ്റ്, ഗ്ലൗസ് എന്നിവ ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ബാങ്കിന് സുരക്ഷാ ജീവനക്കാരനില്ല എന്നതും ചുറ്റുപാടുമുള്ള മറ്റ് സ്ഥാപനങ്ങളിലൊന്നും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും മോഷ്ടാവ് മനസിലാക്കിയിരുന്നു. ബാങ്കിലേക്ക് കയറിയ മോഷ്ടാവ് അവിടെയുണ്ടായിരുന്ന ജീവനക്കാരില്‍ രണ്ടുപേരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ചോദിച്ച് മനസിലാക്കിയ ശേഷം ബാങ്കിനുള്ളിലെ
ശുചിമുറിയില്‍ പൂട്ടിയിടുകയായിരുന്നു.
