ചങ്ങരംകുളത്ത് കാറിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക് : നിർത്താതെ പോയ കാർ നാട്ടുകാർ പിടികൂടി

ചങ്ങരംകുളം : ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി.അപകടത്തിൽ ഗുരുതമായി പരിക്കേറ്റ ബൈക്ക് യാത്രികനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.. ചങ്ങരംകുളത്ത് തീയറ്റർ ജീവനക്കാരനായ കക്കിടിപ്പുറം സ്വദേശി അശോകനാണ്(45) പരിക്കേറ്റത്.സംസ്ഥാന പാതയിൽ ചങ്ങരംകുളം സൺറൈസ് ആശുപത്രിക്ക് സമീപത്ത് തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. ചങ്ങരംകുളം ടൗണിൽ നിന്ന് തൃശ്ശൂർ റോഡിലേക്ക് അമിത വേഗതയിൽ വന്ന കാർ അശോകൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച് നിർത്താതെ പോകുകയായിരുന്നു. സംഭവം കണ്ട യുവാവ് കാറുമായി അര കിലോമീറ്ററോളം പുറകെ പോയി അപകടം വരുത്തിയ കാർ തടഞ്ഞിടുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ ചങ്ങരംകുളം പോലീസ് നാട്ടിക സ്വദേശിയായ യുവാവിനെയും കാറും കസ്റ്റഡിയിൽ എടുത്തു.കാർ ഓടിച്ചിരുന്ന യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.
