പിവി അന്‍വര്‍ പ്രതിയായ ക്രഷര്‍ തട്ടിപ്പ് കേസില്‍ സമ്പൂര്‍ണ്ണ കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി.

പി വി അന്‍വറിനെതിരായ ക്രഷര്‍ തട്ടിപ്പ് കേസില്‍ സമ്പൂര്‍ണ്ണ കേസ് ഡയറി ഉടന്‍ ഹാജരാക്കണമെന്ന് കോടതി. ഒക്ടോബര്‍ 13 ന് ക്രൈംബ്രാഞ്ച് സമ്പൂര്‍ണ്ണ കേസ് ഡയറി ഹാജരാക്കണമെന്ന് മഞ്ചേരി സിജിഎം കോടതി അറിയിച്ചു.
അന്‍വറിനെ അറസ്റ്റ് ചെയ്യണമെന്ന് പരാതിക്കാരന്‍ ആവശ്യമുന്നയിച്ച സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദ്ദേശം. കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനിയറുടെ 50 ലക്ഷം തട്ടിയ കേസില്‍ പി വി അന്‍വര്‍ എം എല്‍ എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായാണ് കോടതിയില്‍ ഇന്നലെ ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്.
മംഗലാപുരം ബല്‍ത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷര്‍ പി വി അന്‍വറിന് വില്‍പന നടത്തിയ കാസര്‍ഗോട്ട് സ്വദേശി കെ. ഇബ്രാഹിമില്‍ നിന്നും 15 ന് ഡിവൈഎസ്പി മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി വി അന്‍വര്‍ പ്രവാസി എന്‍ജിനീയര്‍ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീമില്‍ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്. എന്നാല്‍, ക്രഷര്‍ സര്‍ക്കാരില്‍ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിമിന്റെ മൊഴി.
