കേരള ബാങ്ക് സഹകരണമേഖലയോട് നീതി പുലർത്തണം -വി.എസ്. ശിവകുമാർ

മലപ്പുറം : സംസ്ഥാനത്തെ സഹകരണ വായ്പമേഖലയിൽ ദ്വിതല ഘടന നടപ്പാക്കി ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് എൽഡിഎഫ് സർക്കാർ രൂപവത്കരിച്ച കേരള ബാങ്ക് സഹകരണ മേഖലയോടും സാധാരണ ജനങ്ങളോടും നീതിപുലർത്തിയില്ലെന്നും അതുണ്ടാകണമെന്നും മുൻമന്ത്രിയും കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ വി.എസ്. ശിവകുമാർ പറഞ്ഞു.
കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ലാകമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനവും എക്സലൻസ് അവാർഡ് വിതരണവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷനായി.
പി. ഉബൈദുള്ള എംഎൽഎ ഉപഹാരങ്ങൾ നൽകി. കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് സി.കെ. അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ. മൂസകുട്ടി, വീക്ഷണം മുഹമ്മദ്, ഹനീഫ, ഗിരീഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
