മഞ്ചേരി മെഡിക്കൽ കോളേജിൽ പുതിയ കൃത്രിമാവയവനിർമാണകേന്ദ്രം വരുന്നു
മഞ്ചേരി : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആർട്ടിഫിഷ്യൽ ലിംബ് ഫിറ്റിങ് സെന്ററിന്റെ പ്രവർത്തനം (കൃത്രിമാവയവ നിർമാണകേന്ദ്രം) പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു. കേന്ദ്രം കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആൺകുട്ടികളുടെ ഹോസ്റ്റൽ പ്രവർത്തിക്കുന്ന പ്രി ഫാബ് കെട്ടിടത്തിലാകും ഇതിനുള്ള സൗകര്യം ഒരുക്കുക.
കെട്ടിടത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള 50 ലക്ഷം രൂപയുടെ പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. ഭരണാനുമതിയും ഫണ്ടും ലഭിച്ചാലുടൻ കെട്ടിടം വിപുലീകരിച്ച് ഇവിടെ ലിംബ് ഫിറ്റിങ് സെന്റർ പ്രവർത്തനമാരംഭിക്കും.
നേരത്തെ ബി ബ്ലോക്കിന് മുൻവശത്തെ പഴയ കെട്ടിടത്തിലായിരുന്നു കേന്ദ്രം പ്രവർത്തിച്ചിരുന്നത്. വികസനത്തിന്റെ ഭാഗമായി ഈ കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. ഇപ്പോൾ ആശുപത്രിയിലെ ഒറ്റമുറിയിലാണ് ലിംബ് ഫിറ്റിങ് സെന്റർ പ്രവർത്തിക്കുന്നത്. ഇവിടെ സൗകര്യങ്ങൾ പരിമിതമായതിനാൽ അംഗപരിമിതർക്കും മറ്റും കേന്ദ്രത്തിന്റെ സേവനം ഇപ്പോൾ കാര്യമായി ലഭിക്കുന്നില്ല. പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറുമ്പോൾ കൂടുതൽ പേർക്ക് കൃത്രിമാവയവങ്ങൾ കുറഞ്ഞ ചെലവിൽ നിർമിച്ചുനൽകാൻ കഴിയും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി വാഹനാപകടത്തിലും മറ്റും കൈ, കാൽ, കാൽപ്പാദം, കൈപ്പത്തി എന്നിവ നഷ്ടമായവരും രോഗങ്ങൾ ബാധിച്ച് കാൽ മുറിച്ചുകളഞ്ഞവരുമടക്കം ഒട്ടേറെപേർ കൃത്രിമ അവയവങ്ങൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയെ സമീപിക്കുന്നുണ്ട്. എന്നാൽ കൂടുതൽപേർക്ക് അവയവങ്ങൾ നിർമിക്കാനും അവ ഫിറ്റ് ചെയ്തുനൽകുന്നതിനും നിലവിൽ ഇവിടെ സൗകര്യമില്ല.
നിലവിലെ കേന്ദ്രത്തിൽ രണ്ടു ഡോക്ടർമാരും രണ്ട് ടെക്നീഷ്യൻമാരും മാത്രമാണുള്ളത്. പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നതോടെ കൂടുതൽ ഡോക്ടർമാരെയും ടെക്നീഷ്യൻമാരെയും സർക്കാർ നിയമിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറിയാലും ലിംബ് ഫിറ്റിങ് സെന്ററിന് ഒരു സ്ഥിരം സംവിധാനമായെന്ന് പറയാൻ കഴിയില്ല. ജില്ലയിൽനിന്ന് ദിവസവും കൃത്രിമ അവയവങ്ങൾക്കായി ഒട്ടേറെ അപേക്ഷകളാണ് ആശുപത്രിയിൽ വരുന്നത്. സെന്ററിനായി സ്ഥിരം കെട്ടിടം പണിത് പ്രത്യേകം ഡിപ്പാർട്ട്മെന്റ് ആരംഭിച്ചാൽ മാത്രമേ ഇവരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സാധിക്കൂ. ഇതിനായി പ്രത്യേകം വകുപ്പുതലവനെയും കൂടുതൽ ഡോക്ടർമാരെയും ടെക്നീഷ്യൻമാരെയും നിയമിക്കണം. എന്നാൽ പുതിയ കെട്ടിടം പണിയാൻ സ്ഥലം ലഭ്യമല്ലാത്തതിനാലാണ് താത്കാലിക സംവിധാനം ഒരുക്കുന്നത്. അപേക്ഷകരിൽനിന്ന് രജിസ്ട്രേഷൻ ഫീസ് ഈടാക്കും. രോഗിയെ പരിശോധിച്ചശേഷം ആവശ്യമായ അളവിൽ കൃത്രിമ അവയവങ്ങൾ നിർമിക്കും. പിന്നീട് അഡ്മിറ്റ് ചെയ്ത് അവയവം ഫിറ്റ് ചെയ്തുകൊടുക്കും. ശേഷം അവരെ നടക്കാൻ പ്രാപ്തരാക്കിയശേഷം ഡിസ്ചാർജ് ചെയ്യുന്ന രീതിയിലാകും കേന്ദ്രത്തിന്റെ പ്രവർത്തനം.