കാളാച്ചാലിലെ അനധികൃത കുപ്പിവെള്ള കച്ചവട ഫാക്ടറിക്കെതിരെ ജനം നിയമ നടപടികളിലേക്ക്
ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ കാളാച്ചാലിൽ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി സ്വാകാര്യ മുതലാളി നിർമ്മിക്കുന്ന കുപ്പിവെള്ള ഫാക്ടറിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം.
നിർദ്ദിഷ്ട ഫാക്ടറിക്കെതിരെ പഞ്ചായത്ത് ഗ്രാമസഭയും ഭരണസമിതിയും പ്രമേയം പാസാക്കിയതിന് ശേഷവും കെട്ടിട നിർമ്മാണ അതുമതി പോലും ലഭിക്കാതെ നിർമ്മാണ പ്രവർത്തികൾ തുടരുകയാണ് കമ്പനിയുടമ.
അതോടെ കഴിഞ്ഞ ദിവസം ആലങ്കോട് പഞ്ചായത്ത് സെക്രട്ടറി പണി നിർത്തിവെക്കാനുള്ള ഉത്തരവ് (സ്റ്റോപ് മെമ്മോ) നൽകിയിരിക്കയാണ്. എന്നാൽ ഈ ഉത്തരവും കാറ്റിൽ പറത്തിയാണ് ഉടമയുടെ ഇപ്പോഴത്തെ നീക്കം. ഉത്തരവ് കൈപ്പറ്റാൻ പോലും ഉടമ തയ്യാറായിട്ടില്ല.
വ്യാജമായ അവകാശ വാദങ്ങളും രേഖകളും കാണിച്ചാണ് ഫാക്ടറി നിർമാണം. ഭക്ഷ്യ ഉൽപന്ന പാക്കേജ് യൂനിറ്റ് എന്ന വ്യാജേന കെട്ടിട നിർമ്മാണ പെർമാറ്റിന് അപേക്ഷിച്ച ഫാക്ടറി ഉടമയോട് പഞ്ചായത്ത് സെക്രട്ടറി വിശദീകരണം ആരാഞ്ഞിരുന്നു.
ജനങ്ങളുടെ പരാതിയുയർന്നപ്പോഴാണ് വിശദകരണം ചോദിച്ചത്. അപ്പോൾ മാത്രമാണ് കുപ്പിവെള്ള ഫാക്ടറിയാണ് നിർമിക്കുന്നത് എന്ന് സമ്മതിച്ചത്. അപ്പോഴും കേരള വാട്ടർ അതോറിറ്റി വെള്ളം നൽകാമെന്ന വ്യാജ വിവരം ആണ് ഉടമ സത്യപ്രസ്താവന ആയി നൽകിയത്.
കച്ചവടാവശ്യത്തിന് വാട്ടർ അതോറിറ്റി കുടിവെള്ളം നൽകാറില്ല എന്ന വസ്തുത മറച്ചുവെച്ചാണ് ഉടമ ഇത് ചെയ്തത്.
കമ്പനിക്കെതിരെ നിയമപരമായി കോടതി മുഖേനയും പരാതി നൽകാൻ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന കാളാച്ചാൽ ജലചൂഷണ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പൊതുസമ്മേളനത്തിൽ തീരുമാനിച്ചു.
സമിതി ചെയർമാനും വാർഡ് മെമ്പറുമായ പി.കെ. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. എ.പി. ശ്രീധരൻ മാസ്റ്റർ, പി.കെ. അബ്ദുല്ല ക്കുട്ടി, ടി.വി. മുഹമ്മദ് അബ്ദുർറഹ്മാൻ, കെ.കെ.ഗോപാലൻ, വി.പി. സത്യൻ, കെ.പി. ജഹാങ്കീർ, എം.വി. മുഹിയുദ്ദീൻ, വി.വി. റഷീദ്, പി.സക്കീർ എന്നിവർ പ്രസംഗിച്ചു.